തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും ഒറ്റപ്പെട്ട ഇടിയോടികൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച പകൽ കാര്യമായ മഴയുണ്ടായില്ലെങ്കിലും പലയിടത്തും രാത്രിയിൽ വ്യാപകമായി മഴ പെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ തെക്കൻ തമിഴ്നാട് തീരത്തിനു സമീപം “ചക്രവാതച്ചുഴി’ എന്ന പുതിയ പ്രതിഭാസം ഉണ്ടായതാണ് വീണ്ടും ആശങ്കയ്ക്കു വഴിയൊരുക്കുന്നത്. അടുത്ത മൂന്നു ദിവസങ്ങളിൽ ചക്രവാതച്ചുഴി തുടരാൻ സാധ്യതയുണ്ട്.
ഇതിന്റെ സ്വാധീനത്തിൽ ഈ മാസം 24 വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്ന ലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാപക ഉരുൾപൊട്ടലുണ്ടായി.
പാലക്കാട്ട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖ ലയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. അമ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജലനിരപ്പ് കൂടിയതോടെ മംഗലംഡാമിന്റെ മുഴു വൻ ഷട്ടറുകളും 40 സെന്റിമീറ്റർ ഉയർത്തി.
മലപ്പുറം ജില്ലയിൽ താഴേക്കോട് പഞ്ചായത്തിലെ അരക്കുപറമ്പ് മാട്ടറക്കലിൽ ഉരുൾപൊട്ടി. മുക്കിലപറമ്പ് ഭാഗത്ത് മങ്കട മലയിലും ബിടാവുമലയിലുമായാണ് ഇന്നലെ രാത്രി ഏഴോടെ ഉരുൾപൊട്ടിയത്. അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.