സ്വന്തം ലേഖകന്‍
കോഴിക്കോട്: റോഡ് നിര്‍മാണത്തില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ പണി തുടങ്ങി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നതിനിടെ ആദ്യ ഡോസായി ദേശീയ പാത 766ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കരാറില്‍ അലംഭാവം കാണിച്ചെന്നും മന്ത്രി നേരിട്ട് എത്തി നിര്‍ദേശിച്ചിട്ടും നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നുമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. മന്ത്രി സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു.ഒരു ഭാഗത്ത പ്രവര്‍ത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്.
സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി ശിപാര്‍ശയുമായി വരേണ്ടെന്ന നേരത്തെ മന്ത്രി പറഞ്ഞത് വലിയ കൊലാഹലങ്ങള്ക്കാണ് ഇടയാക്കിയത്.
ഇത് എം.എന്‍.ഷംസീര്‍ എംഎല്‍എയും മന്ത്രിയും തമ്മില്‍ നേരിട്ട് കൊമ്പുകോര്‍ക്കുന്നതിന് ഇടയാക്കി. ഇതുമായി ബന്ധപ്പെട്ട് ഷംസീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ‘ഇന്‍സള്‍ട്ട്’ പോസ്റ്റും ചര്‍ച്ചയായി.
ഇതിനിടെയില്‍ മുഖ്യമന്ത്രി പരസ്യമായി മുഹമ്മദ് റിയാസ് പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.