സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നു.
പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്ത്തിയിട്ടുണ്ടോയെന്നറിയുന്നതിനാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. നാലുപേരുടേയും മൊബൈല്‍ഫോണ്‍ സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്കായി അയയ്ക്കും.
ദൃശ്യങ്ങള്‍ ഡീലിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധനയിലൂടെ കണ്ടെത്താനാവും. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് സംശയിക്കുന്നതായി കേസന്വേഷിക്കുന്ന നാദാപുരം എഎസ്പി നിധിന്‍രാജ് അറിയിച്ചു.
മറ്റു കേസുകളിലൊന്നും പ്രതികള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും എഎസ്പി അറിയിച്ചു. ഇന്ന് പ്രതികളെ പോക്സോ കോടതിയില്‍ ഹാജരാക്കും.
രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24)അടുക്കത്ത് പാറച്ചാലില്‍ ഷിബു(34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സായൂജും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് സായൂജ് പെണ്‍കുട്ടിയോട് ജാനകികാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
പെണ്‍കുട്ടി എത്തിയതിന് പിന്നാലെ മറ്റുള്ളവരും ഇവിടെയെത്തി. സായൂജ് ഇതിനിടെ ശീതളപാനീയത്തില്‍ ലഹരി ചേര്‍ത്ത് കുടിക്കാന്‍ നല്‍കുകയായിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.