കൊച്ചി: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും തലയ്ക്ക് തോക്കു കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ ജ്യുവല്‍ ജയിംസിന് എയര്‍ പിസ്റ്റൾ എവിടെ നിന്ന് കിട്ടിയെന്നതിനെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളത്ത് നിന്നാണ് ഇയാള്‍ തോക്ക് വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. എറണാകുളം പനമ്പള്ളിനഗറിലെ പാര്ക്കിന് സമീപം ഇന്നലെ ഉച്ചക്ക് 12.30 ഓടെ ആയിരുന്നു സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട കോതമംഗലം സ്വദേശി ജ്യുവല്‍ ജയിംസിനെ(20) എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിറവം സ്വദേശി ഷെല്ട്ടന് ഷാജിണാണ് (27) ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് തലയ്ക്കു കാര്യമായ പരിക്കില്ല.
ലഹരി ഇടപാടിലെ തർക്കം
ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം.
ജ്യുവലും ഷെല്‍ട്ടണും നേരിട്ട് പരിചയമില്ല. ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ലഹരി ഇടപാട്.
ഒരു മാസം മുമ്പ് കൊടൈക്കാനാലില്‍ നടത്തിയ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഉടലെടുത്ത സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു.
മാജിക് മഷ്റൂം എന്ന ലഹരി പദാര്‍ഥം ജ്യുവലില്‍ നിന്ന് ഷെല്‍ട്ടണ്‍ പണം നല്കി വാങ്ങിയിരുന്നു.
വീണ്ടും ഇത് ആവശ്യപ്പെട്ടപ്പോള്‍ ഷെല്‍ട്ടണ്‍ പണം നല്‍കിയെങ്കിലും ജ്യുവല്‍ മാജിക് മഷ്റൂം നല്‍കിയില്ല. തുടര്‍ന്ന് ഷെല്‍ട്ടണ്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ജ്യുവല്‍ ഇയാളെ വകവരുത്താനുള്ള ശ്രമം ആണ് നടത്തിയത്.
യുവതിയെന്ന വ്യാജേന ചാറ്റിംഗ്
യുവതിയെന്ന വ്യാജേന ജ്യുവൽ മറ്റൊരു നമ്പറില്‍ നിന്ന് ചാറ്റ് ചെയ്ത് ഷെല്‍ട്ടണെ പനമ്പിള്ളി നഗറിലേക്ക് എത്തിക്കുകയായിരുന്നു.
ഇരുവരും നേരിട്ട് കണ്ടപ്പോള്‍ തര്‍ക്കമായി. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയില്‍ കരുതിയ എയര്‍ പിസ്റ്റള്‍ ജ്യുവല്‍, ഷെല്ട്ടണുനേരെ ചൂണ്ടി.
ഇതേ തുടര്‍ന്നു ഷെല്‍ട്ടണ്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ ജ്യുവല്‍ തോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
അടിയേറ്റ് വീഴുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജ്യുവലിനെ ഓടിച്ചിട്ട് കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.
ജ്യുവല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇരുവര്‍ക്കും ലഹരിമാഫിയയുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.