കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എന്ന നിലയിൽ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച റമീസ് രാജയെ പരിഹസിച്ച് പാക് മുൻ പേസർ മുഹമ്മദ് ആമിർ.
പിസിബി ചെയര്മാൻ സ്ഥാനത്തിന്റെ ആകർഷണം മാസശമ്പളമല്ല. ആ സ്ഥാനത്തിരിക്കുന്നവർക്ക് മറ്റു ചില മെച്ചങ്ങളുണ്ടാകുമെന്നും ആമിർ ട്വിറ്ററിൽ പ്രതികരിച്ചു.
പാക്കിസ്ഥാൻ ക്ലബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് പിസിബി ചെയർമാൻ എന്ന നിലയിൽ ശമ്പളം ഒന്നും വാങ്ങില്ലെന്ന് റമീസ് രാജ പ്രഖ്യാപിച്ചത്.
അടുത്ത മൂന്നു വർഷത്തേക്ക് എനിക്ക് ഒരു രൂപ പോലും ശമ്പളമില്ല. തന്റെ ഇപ്പോഴത്തെ കരിയർ ത്യജിച്ചാണ് ഞാൻ ഈ ദൗത്യം ഏറ്റെടുത്തതെന്നും രാജ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ആമിറിന്റെ മുനവച്ച മറുപടി. “എന്റെ അറിവിൽ പിസിബി ചെയർമാന് പ്രത്യേകിച്ച് മാസ ശമ്പളമൊന്നുമില്ല.
പകരം മറ്റു ചില ഗുണങ്ങളാണ് ഏറെയുള്ളത്. ഒരുപക്ഷേ, എന്റെ അറിവ് തെറ്റായിരിക്കാം. ഞാൻ കേട്ടിട്ടുള്ളത് അങ്ങനെയാണ്’- ആമീർ ട്വീറ്റ് ചെയ്തു.