കോയന്പത്തൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് തിരുനെൽവേലി ജില്ലയിലെ പാളയംകോട്ട ശിവന്തിപ്പട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ എസ്. പെരുമാത്താൾ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന ബഹുമതിക്കും അർഹയായി.
1,568 വോട്ട് നേടിയാണ് പെരുമാത്താൾ വിജയിച്ചത്. ആയിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പെരുമാത്താളിനു ലഭിച്ചത്.
ഇവർക്കെതിരെ മത്സരിച്ച സെൽവറാണി, ഉമ എന്നിവർക്ക് കെട്ടിവച്ച പണം പോലും നഷ്ടമായി.
മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം പെരുമാത്താൾ പഞ്ചായത്ത് പ്രസിഡന്റായി ചുമതലേയൽക്കുന്നത് കാണാനെത്തിയിരുന്നു.
വയസ് 90 ആണെങ്കിലും ഇപ്പോഴും ആവേശത്തോടെ വീട്ടുജോലികളും പൂന്തോട്ടത്തിലെ പണിയുമെല്ലാം പെരുമാത്താൾ ചെയ്യാറുണ്ട്.
ഇപ്പോൾ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ മുത്തശ്ശി.
ഉടൻ തന്നെ നെല്ലായി കളക്ടറെ കണ്ട് ശിവാന്തിപ്പെട്ടിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അപേക്ഷ സമർപ്പിക്കാനാണ് പെരുമാത്താളിന്റെ തീരുമാനം.
തെങ്കാശി കടയം പഞ്ചായത്ത് യൂണിയനിലെ വെങ്കടാന്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ചാരുലതയുടെ വിജയവും ശ്രദ്ധ നേടിയിരുന്നു.
വാശിയേറിയ മത്സരത്തിൽ ഒരു വോട്ടിനാണ് ചാരുലത വിജയിച്ചത്. എൻജിനിയറിംഗ് ബിരുദധാരിയാണ് ചാരുലത.
ഒന്പത് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികൾ ബുധനാഴ്ചയാണ് ചുമതലയേറ്റത്.
140 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, 1381 പഞ്ചായത്ത് യൂണിയൻ അംഗങ്ങൾ, 22,581 ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, 2901 പഞ്ചായത്ത് പ്രസിഡൻറുമാരും ചുമതലയേറ്റു.