ഡാജി ഓടയ്ക്കല്‍
വെള്ളരിക്കുണ്ട്: ബളാല്‍ ആനമഞ്ഞളിലെ കൊട്ടുകാപ്പള്ളി പുതുമന എല്‍സമ്മയുടെ തെങ്ങിന്‍തോട്ടം ഇന്നലെ ഒരു പുതിയ പരീക്ഷണത്തിന് വേദിയായി.
ഡീസല്‍ എന്ജിന് ഉപയോഗിച്ച് തേങ്ങ പൊതിക്കുന്ന ഒരു യന്ത്രം. മണിക്കൂറില്‍ 1200 തേങ്ങകള്‍ വരെ മനോഹരമായി പൊതിക്കാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചെടുത്തത് മുനയംകുന്ന് സ്വദേശിയായ അഭിലാഷ് ഇമ്മാനുവലാണ്.
3 എച്ച്പിയുടെ ഡീസല്‍ എന്‍ജിനിലാണ് തേങ്ങാപൊതി യന്ത്രം പ്രവര്‍ത്തിക്കുന്നത്. മുകളിലുള്ള ഭാഗത്തുകൂടി തേങ്ങ ഇട്ടു കൊടുക്കുമ്പോള്‍ പൊതിച്ച തേങ്ങയും ചകിരിയും താഴെ രണ്ടിടത്തായി വീഴും.
ചതഞ്ഞ രീതിയില്‍ ലഭിക്കുന്ന ചകിരി മണ്ണില്‍ പുതയിടുന്നതിന് കൂടുതല്‍ അനുയോജ്യമാണ്. കയറുത്പാദകര്ക്ക് കൈമാറുകയും ചെയ്യാം. തേങ്ങ ചെറുതായാലും വലുതായാലും പൊട്ടാതെ പൊതിഞ്ഞുകിട്ടും.
ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് കഴിഞ്ഞ അഭിലാഷ് എട്ടു ലക്ഷം രൂപ മുതല്‍മുടക്കിലാണ് യന്ത്രം വികസിപ്പിച്ചെടുത്തത്.
വാണിജ്യാടിസ്ഥാനത്തില്‍ ഇത് അഞ്ചു ലക്ഷം രൂപയ്ക്ക് നിര്മിച്ചുനല്കാനാകുമെന്ന് ഈ യുവാവ് പറയുന്നു. ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് മൂന്നു മണിക്കൂര്‍ വരെ യന്ത്രം പ്രവര്‍ത്തിക്കും.
യന്ത്രം വികസിപ്പിച്ചയുടന് കാസര്‍ഗോഡ് സിപിസിആര്‍ഐയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും അവിടെനിന്നും കാര്യമായ പരിഗണനയൊന്നും ലഭിച്ചില്ലെന്ന് അഭിലാഷ് പറയുന്നു. തുടക്കത്തില്‍ തന്നെ അംഗീകാരം ലഭിച്ചത് സംസ്ഥാനത്തിന് പുറത്തുനിന്നാണ്.
1400 അംഗങ്ങളുള്ള കര്‍ണാടകയിലെ ബാഗമണ്ഡലം കര്‍ഷക കൂട്ടായ്മയുടെ തേങ്ങ പൊതിക്കുന്നത് ഇപ്പോള്‍ അഭിലാഷിന്റെ യന്ത്രം ഉപയോഗിച്ചാണ്.
തിരുവനന്തപുരത്ത് താമസിക്കുന്ന എല്‍സമ്മയ്ക്ക് ആനമഞ്ഞളിലെ തോട്ടത്തിലെ തേങ്ങയെല്ലാം ഒറ്റ ദിവസത്തില്‍ പൊതിച്ചുതീര്ന്നത് ഏറെ ഉപകാരപ്രദമായെന്ന് അവര്‍ പറയുന്നു.
നേരത്തേ പശുക്കളെ തണുപ്പിക്കാനുള്ള യന്ത്രവും റബര്‍ മെഷീനില്‍ മോട്ടോര്‍ ഘടിപ്പിക്കുന്ന സംവിധാനവും അഭിലാഷ് വികസിപ്പിച്ചിരുന്നു.
കെഎം ഇന്നൊവേഷന്‍സ് എന്ന പേരിലാണ് സംരംഭങ്ങള്‍ നടത്തുന്നത്. അഭിലാഷിന്റെ ഫോൺ നന്പർ: 9656204650, 9747501607.