സ്വന്തംലേഖകന്‍
കോഴിക്കോട് : ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധികള്‍ക്ക് പിന്നാലെ കെപിസിസി ഭാരവാഹി പട്ടികയിലും സംതൃപ്തരാകാത്ത എ-ഐ വിഭാഗങ്ങളെ ഉറ്റുനോക്കി നേതൃത്വം.
പാര്‍ട്ടിയില്‍ കലാപമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറയുമ്പോഴും പല ജില്ലകളിലും അണിയറിയില്‍ ഇരു ഗ്രൂപ്പ് നേതാക്കളും അനുയായികളും പൊട്ടിത്തെറിയുടെ വക്കിലാണ്.
ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാലിന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധകാരന്റെയും നോമിനികള്‍ക്കാണ് പ്രധാന്യം ലഭിച്ചതെന്നാണ് എ,ഐഗ്രൂപ്പുകള്‍ വിലയിരുത്തുന്നത്.
കോഴിക്കോട് ഇരു ഗ്രൂപ്പിനും ‘അടി’
കോഴിക്കോട് എ,ഐഗ്രൂപ്പില്നിന്ന് ആരും പുതിയ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. 2006 മുതല്‍ കൈവശം വച്ചിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായ ഐഗ്രൂപ്പിന് കെപിസിസി പുന:സംഘടനയിലും തിരിച്ചടിയാണുണ്ടായത്.
ദീര്‍ഘകാലം ഐഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന എൻ.സുബ്രഹ്മണ്യനും പട്ടികയിലില്ലാത്തത് ഐഗ്രൂപ്പിനും തിരിച്ചടിയാണ്.സുധാകരന്-സതീശന്-വേണുഗോപാല്‍ ടീമിനാണ് ഇപ്പോള്‍ ജില്ലയില്‍ ആധിപത്യമുള്ളത്.
അഞ്ചു വര്‍ഷമായി പാര്‍ട്ടിയില്‍ നിന്ന് പുറത്തു നില്ക്കുന്ന കെ.ജയന്തിനെ ഇപ്പോള്‍ ഭാരവാഹിയാക്കിയതും എ-ഐഗ്രൂപ്പുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.
സുധകാരന്‍ നേതൃത്വം ഏറ്റെടുത്തതോടെയാണ് ജയന്ത് സജീവമാകാന്‍ തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. ഗ്രൂപ്പില്ലെന്ന് പറയുമ്പോഴും സുധാകരന് തനിക്കൊപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കുകയും അതുവഴി പുതിയ ഗ്രൂപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്നുമാണ് നേതാക്കള്‍ പറയുന്നത്.