ജെറി എം. തോമസ്
കൊച്ചി: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് നിര്‍മിച്ച തൃപ്പൂണിത്തുറ കിണറ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം ഇനി ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രം എന്നറിയപ്പെടും.
തൃപ്പൂണിത്തുറ വൈക്കം റോഡിലെ ഈ വ്യത്യസ്ത ബസ് സ്റ്റോപ്പ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡും അടുത്തടുത്ത ദിവസങ്ങളിൽ സ്വന്തമാക്കി അന്താരാഷ്ട്രശ്രദ്ധ നേടി.
ഉപയോഗശൂന്യമായ കുപ്പികള്‍കൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ പരിസ്ഥിത സൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രം എന്ന ടൈറ്റിലിലാണ് ബഹുമതി.
പാവക്കുളങ്ങരിയിലുള്ള ബിഎസ്ബി ആര്ട്സ്ആന്ഡ് സ്പോര്‍ട്സ് ക്ലബിലെ 16 അംഗങ്ങളാണ് കിണര്‍ ബസ് സ്റ്റോപ്പ് എന്നറിയപ്പെടുന്ന ഈ കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലുള്ളത്.
ബഹുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടുത്തമാസം ആദ്യ ആഴ്ച വിപുലമായ പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഇനിയും ഇത്തരത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്ന ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്കുമെന്നു ക്ലബ് പ്രസിഡന്റ് ശ്യം സുരേന്ദ്രന് പറഞ്ഞു. ക്ലബിന്റെ സ്ഥലത്ത് ഉപയോഗശൂന്യമായ പാസ്റ്റിക് വസ്തുക്കള്‍കൊണ്ട് ആര്‍ട് ഗാലറി ഒരുങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
7,000 കുപ്പി, 14 ടയര്‍
14,000 രൂപയ്ക്ക് കടകളില്‍നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ശേഖരിച്ച 7,000 കുപ്പി, 14 ടയറുകള്‍ എന്നിവകൊണ്ടാണ് കാത്തിരിപ്പു കേന്ദ്രം പണിതീര്‍ത്തത്.
പെയിന്റ്, സ്റ്റീല്ഫ്രെയിമുകള്, ടൈല്‍, പ്ലാസ്റ്റിക് മേല്‍ക്കൂര എന്നിവയ്ക്കായി മാത്രമാണ് പണം വേണ്ടിവന്നത്. ബസ് സ്റ്റോപ്പിന്റെ ഡിസൈനിംഗ്, വെല്‍ഡിംഗ്, പെയിന്റിംഗ്, ടൈല്‍സ് പാകുന്ന ജോലികള്‍ തുടങ്ങിയവ ചെയ്തതു ക്ലബ് അംഗങ്ങള്‍ തന്നെയാണ്.
ആവശ്യംവന്നാല്‍ മാറ്റിസ്ഥാപിക്കാവുന്ന വിധത്തിലുള്ളതാണ് ഈ കേന്ദ്രം. കോവിഡ് കാലത്ത് നിര്മിച്ചതായതുകൊണ്ടുതന്നെ കൊറോണ ബോധവല്കരണ വാചകങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ബിഎസ്ബി അംഗങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ലോക്ക് ഡൗണിന്റെ ആദ്യനാളുകളില്‍ രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്കായി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തതും പഴയ പത്രങ്ങള്‍ ശേഖരിച്ചു വിറ്റ് 31,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്കിയതുമൊക്കെ ഈ കൂട്ടായ്മയുടെ നല്ല പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രം.
വിവിധ ജോലികള്‍ ചെയ്യുന്ന ക്ലബ് അംഗങ്ങള്‍ തങ്ങൾക്ക് ലഭിക്കുന്ന ഒഴിവു സമയങ്ങളിലാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.