ദുബായി: രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ദ്രാവിഡ് മുഖ്യപരിശീലകനാകുന്നതിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു.
ട്വന്റി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ ദ്രാവിഡിന് താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും.
ഇപ്പോൾ അദ്ദേഹം എൻസിഎ പരിശീലകനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു.
തീരുമാനമെടുക്കാൻ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.