എന്തൊരു ലോകമാണിഷ്ടാ ഇത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. പോലീസും നൂറുകണക്കിന് ആളുകളും ഉണ്ടായിട്ടും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വിലയേറിയ ചെരുപ്പ് മോഷണം പോയി. നീലേശ്വരം എന്‍.കെ.ബി.എം. എ.യു.പി. സ്കൂളില്‍ നടന്ന നന്മ’ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് മന്ത്രിയുടെ വിലയേറിയ ചെരുപ്പ് കള്ളന്റെ കാലുകളിലെത്തിയത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പത്ത് മണിയോടെതന്നെ നീലേശ്വരം ദേശീയപാതയോരത്തെ സമ്മേളനസ്ഥലത്ത് മന്ത്രി എത്തിയിരുന്നു. സംഘാടകരും പാര്‍ട്ടി നേതാക്കളും മന്ത്രിയെ സ്കൂള്‍ ഓഫീസ് മുറിയിലേക്ക് ആനയിച്ചു. ഓഫീസിനകത്ത് കയറുമ്പോള്‍ വിദ്യാലയമെന്ന പരിഗണന നല്കി അദ്ദേഹം ചെരുപ്പ് പുറത്തുവെച്ചശേഷമാണ് ഓഫീസിനകത്ത് കടന്നത്. സ്കൂളാണല്ലോ, ചെരുപ്പ് ആരു കൊണ്ടുപോകാനാണ്. മന്ത്രി കരുതിയത് ഇത്രമാത്രം.
നന്മ’ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി പുറത്തിറങ്ങിയ മന്ത്രി ഞെട്ടി. ചെരുപ്പ് കാണാനില്ല. കുറേ തിരഞ്ഞെങ്കിലും കണ്ടാത്താനായില്ല. ഒടുവില്‍ ചെരുപ്പിടാതെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വേദിയില്‍ എത്തിയത്. വിവിഐപിയുടെ ചെരുപ്പ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആരെങ്കിലും മാറി ഉപയോഗിച്ചിട്ടുണ്ടങ്കില്‍ തിരിച്ചെത്തിക്കണമെന്ന് മൈക്കിലൂടെ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സിപിഐ പ്രവര്‍ത്തകര്‍ പുതിയ ചെരുപ്പ് വാങ്ങി നല്‍കിയാണ് മന്ത്രിയെ യാത്രയാക്കിയത്. ഇനിയൊരിടത്തും ചെരുപ്പ് ഊരിയിടില്ലെന്ന പ്രതിജ്ഞയെടുത്താണ് മന്ത്രി മടങ്ങിയതെന്നാണ് അണികള്‍ പറഞ്ഞുനടക്കുന്നത്.