ഗാന്ധിനഗർ: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് റോഡു വികസനം. ആർപ്പൂക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് വെട്ടിമുറിച്ചിരിക്കുന്നതു മൂലം കാൽനട യാത്ര പോലും സാധ്യമല്ലാത്ത രീതിയിലാണ്.
വില്ലൂന്നി കരിപ്പൂത്തട്ട് റോഡിൽ എൻഎസ്എസ് കരയോഗത്തിനു മുന്നിലാണ് റോഡ് പൂർണമായും കുഴിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞിരിക്കുന്നത്.
കലുങ്കു നിർമാണത്തിനായി എട്ടടിയോളം താഴ്ചയിലും ആറ് അടിയോളം വീതിയിലുമാണ് റോഡ് കുഴിച്ചിരിക്കുന്നത്.
എന്നാൽ ഇതേ പാതയിൽ തന്നെ സ്വകാര്യ സ്കൂളിന്റെ സമീപത്തും, മാതക്കവലയിലും, തൊമ്മൻകവലയിലും, സൂര്യക്കവലയിലുമെല്ലാമായി എട്ടോളം സ്ഥലങ്ങളിൽ കലുങ്കു നിർമാണം നടക്കുന്നുണ്ട്.
ഇവിടെയെല്ലാം റോഡിന്റെ പകുതി ഭാഗത്ത് മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
അതിനാൽ ഒരു ഭാഗത്തു കൂടി ചെറുവാഹനങ്ങൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകാം.
എന്നാൽ എൻ എസ് എസ് കരയോഗത്തിനു മുന്നിലെ റോഡിന്റെ ഇരുവശങ്ങളും ഉൾപ്പെടെ മുഴുവൻ കുഴിച്ചിട്ടിരിക്കുന്നതു കൊണ്ട് കാൽ നട യാത്രപോലും സാധിക്കാത്ത അവസ്ഥയാണ്.
ആർപ്പൂക്കരയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് വില്ലൂന്നിയിലെത്തണമെങ്കിൽ ഇതുമൂലം കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നീ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരേണ്ട സാധാരണ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.
അതുപോലെ തന്നെ മെഡിക്കൽ കോളജിൽ എത്തേണ്ട രോഗികളും നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ഏറെ വിഷമിക്കുകയാണ്. റീ ബിൽഡ് കേരള പദ്ധതിയിൽ പെടുത്തി കെഎസ്ടിപിക്കാണ് നിർമാണ ചുമതല.