കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി ജ്വല്ലറി ജനറൽ മാനേജരായ’ മുസ്ലിം ലീഗ് നേതാവ് മുങ്ങി.
ലീഗിന്റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്റ് കെ.പി. നൗഷാദാണു മുങ്ങിയത്. പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയതായി അറിയുന്നു.
കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ. ഗോൾഡിൽ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്.
കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്.
ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്.
കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്തിരുന്നു. ജ്വല്ലറി ഒരുലക്ഷത്തിന് 1000 രൂപയായിരുന്നു പലിശ നൽകിയിരുന്നത്. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിക്കുന്നത്.
പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വർണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിൽ ഉണ്ടായിരുന്നു.
ഇങ്ങനെയും പലരിൽനിന്ന് നൗഷാദ് സ്വർണം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സ്വർണം ജ്വല്ലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ പറയുന്നു.
35 പവൻ വരെ നഷ്ടപ്പെട്ടവരുണ്ട്. മുൻകൂർ പണം നൽകാതെ സ്വർണം വാങ്ങിയവരിൽനിന്ന് കൈപ്പറ്റിയ പണം ജ്വല്ലറിയിൽ അടച്ചില്ലെന്നും പരാതിയുണ്ട്.
സി.കെ. ഗോൾഡ് ഉടമകളാണ് ഇത്തരത്തിൽ 30 ലക്ഷം രൂപ തട്ടിയതായി പോലീസിൽ പരാതി നൽകിയത്. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജ്വല്ലറിയിൽ ഉണ്ടായിരുന്നു.
ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. പണം നഷ്ടമായ കുറച്ചുപേർ മാത്രമേ പരാതിയുമായി എത്തിയിട്ടുള്ളൂ. പഴയ സ്വർണം നൽകിയവരിൽ കൂടുതലും വീട്ടമ്മമാരാണെന്നാണ് സൂചന.
മുസ് ലിം ലീഗിലെ ഭാരവാഹിത്വം ഉപയോഗപ്പെടുത്തിയാണ് നൗഷാദ് ആളുകളെ സമീപിച്ചത്. നേതാക്കളുടെ ശിപാർശയിലും പണം നിക്ഷേപിച്ചവരുണ്ട്.
പരാതി ഉയർന്നതിനെത്തുടർന്ന് എട്ടുമാസം മുമ്പ് നൗഷാദിനെ മാർക്കറ്റിംഗ് വിഭാഗത്തിൽനിന്ന് ഒഴിവാക്കിയിരുന്നതായി സി.കെ. ഗോൾഡ് ഉടമകൾ പറഞ്ഞു.
ഒരാഴ്ചയായി നൗഷാദിനെ കാണാനില്ല. ഇയാൾ ഗൾഫിലേക്ക് കടന്നതായാണ് സൂചന. ലീഗ് നേതൃത്വത്തിലുള്ളവർ ഇത്തരത്തിൽ വ്യാപകമായി ആരോപണങ്ങളിൽപ്പെടുന്നത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുന്നതായി പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു.
കാസർഗോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പ്, ചപ്പാരപ്പടവ് ഇറച്ചി സൊസൈറ്റി, കമ്പില്‍ എന്‍ആര്‍ഐ റിലീഫ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ മണല്‍ വാരൽ അഴിമതി തുടങ്ങിയ ആരോപണങ്ങൾക്കു പിന്നാലെയാണ് പുതിയ അഴിമതി ആരോപണം.