റാന്നി: 2018ലെ മഹാപ്രളയത്തിന്റെ നഷ്ടം തീരാദുഃഖമായി റാന്നിയിലെ എബി സ്റ്റീഫിനൊപ്പമുണ്ട്.
റാന്നി പെരുന്പുഴ ടൗണിൽ എബിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഏഴ് സ്ഥാപങ്ങളാണ് അന്ന് വെള്ളത്തിൽ മുങ്ങിയത്. അപ്രതീക്ഷിതമായ പ്രളയം എബിയുടെ ജീവിതമാണ് തകർത്തത്.
പിന്നീടിതേവരെ ഒരു മടങ്ങിവരവ് സാധ്യമല്ലാത്ത നിലയിലാണ് എബി. സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല.
നിയമവഴികളും തേടി. വ്യാപാരികൾക്കുണ്ടായ നഷ്ടം അവർ തന്നെ വഹിക്കട്ടെയെന്ന നിലപാടിലാണ് അധികൃതർ അന്നും ഇന്നും.
റാന്നി പെരുന്പുഴ ടൗണിലുണ്ടായിരുന്ന എബനേസർ വസ്ത്രശാല, ബേക്കറി, ഷൂ മാർട്ട് ഫർണിച്ചർ നിർമാണ ശാല തുടങ്ങിയവയായിരുന്നു വെള്ളം കയറി പൂർണമായി നശിച്ച സ്ഥാപനങ്ങൾ.
തോട്ടമണ് ഭാഗത്തെ വീട്ടിലും വീടിനോടു ചേർന്ന ബോർമയിലും വർക്ക് ഷോപ്പുലം വെള്ളം കയറി. മണിക്കൂറുകൾക്കുള്ളിൽ എല്ലാം നഷ്ടപ്പെട്ടു.
2.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സ്ഥാപനങ്ങളധികവും പിന്നീട് നിർത്തി. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഷൂ മാർട്ട് മാത്രം പ്രവർത്തനസജ്ജമാക്കി.
പ്രതിസന്ധിയിലായ എബിയെ ബാങ്കുകളും വെറുതെവിട്ടില്ല. 44 ലക്ഷം രൂപയ്ക്ക് സർഫാസി നിയമപ്രകാരം ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നിരുന്നു.
മറ്റൊരു 14 ലക്ഷം രൂപയ്്ക്ക് റവന്യു റിക്കവറി നടപടിയും നേരിട്ടു. കോടതിയിൽ നിന്നുള്ള പിന്തുണയിലാണ് ഇന്നിപ്പോൾ എബി കഴിയുന്നത്.
വ്യാപാര മേഖലയുടെ നഷ്ടം കണക്കാക്കാൻ 2018ലും അധികൃതർ തയാറായിരുന്നില്ല. റാന്നിയിൽ മാത്രം അഞ്ഞൂറോളം വ്യാപാരസ്ഥാപനങ്ങൾ പ്രളയക്കെടുതിയിലായി.
സമരവും മറ്റുമായി വ്യാപാരികളുടെ സമ്മർദം ഏറിയതോടെ വ്യവസായ വകുപ്പ് ഇടപെട്ട് കണക്കെടുപ്പ് നടത്തി. എൻജിനീയറിംഗ് വിദ്യാർഥികളെ ഉപയോഗിച്ച് ഒരു ആപ്പ് നിർമിച്ച് നടത്തിയ കണക്കെടുപ്പ് പ്രഹസനമായി.
വ്യാപാരികൾക്കായി സർക്കാർ പ്രഖ്യാപിച്ച ഉജ്ജീവനം വായ്പയുമായി ബാങ്കുകൾ സഹകരിച്ചില്ല. ഈടില്ലാതെ 10 ശതമാനം നിരക്കിൽ വായ്പ നൽകുമെന്നായിരുന്നു നിർദേശം.
പ്രളയബധിതർക്ക് അനുവദിച്ച 10000 രൂപ മാത്രമാണ് വ്യാപാരികൾക്ക് നൽകിയത്. ബാങ്ക് വായ്പകളിലും മറ്റുമായാണ് സ്ഥാപനങ്ങൾ നിലനിന്നു വന്നിരുന്നത്. വായ്പ മുടങ്ങിയതോടെ ബാങ്കുകൾ നടപടികളിലേക്കു കടന്നു.