കാഞ്ഞിരപ്പള്ളി: ഒരായുസിന്റെ അധ്വാനംകൊണ്ട് സ്വരുക്കൂട്ടിയ വീടിനൊപ്പം തകർന്നത് വിജയന്റെ മകളുടെ വിവാഹ സ്വപ്നവും. ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പിലാണ് കാഞ്ഞിരപ്പള്ളി കുറുവാമൂഴി സ്വദേശിയായ വിജയനും കുടുംബവും.
കഴിഞ്ഞ 16നുണ്ടായ കനത്ത പ്രളയത്തിലാണ് കാഞ്ഞിരപ്പള്ളി കുറുവാമൂഴിയിലെ പതിനാലു വീടുകൾക്കൊപ്പം റബർ ടാപ്പിംഗ് തൊഴിലാളിയായ തേനാകരയിൽ ടി.കെ. വിജയൻ, ഭാര്യ ഓമന, ഏക മകൾ ടി.വി. ആരതി എന്നിവരുടെ സ്വപ്നങ്ങളും ഒലിച്ചു പോയത്.
കഴിഞ്ഞ മാസം നടത്താനിരുന്ന മകൾ ആരതിയുടെ വിവാഹം അടുത്ത ബന്ധു മരിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രളയജലത്തിൽ വീടിനൊപ്പം മകളുടെ വിവാഹത്തിന് സ്വരുക്കൂട്ടിയിരുന്ന പത്ത് പവൻ സ്വർണവും വിവാഹ വസ്ത്രവും പണവും നഷ്ടപ്പെട്ടു. ഹൃദ്രോഗികൂടിയായ വിജയനും കുടുംബവും എല്ലാം നഷ്ടപ്പെട്ട് ഇപ്പോൾ വിഴിക്കതോട്ടിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
പാറത്തോട് വട്ടക്കാവ് കല്ലുറുമ്പിൽ അതുലുമായി നിശ്ചയിച്ച വിവാഹം സമയത്തിന് നടത്താൻ ഇനി എങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് വിജയൻ. സമ്പാദ്യമാകെ വെള്ളം കൊണ്ടുപോയതോടെ മകളുടെ വിവാഹത്തിന് സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.