വെള്ളപൊങ്ങിയപ്പോള്‍ മീനിനു വേണ്ടി വലയെറിഞ്ഞ കിടങ്ങറ മണ്ണൂത്ര സ്വദേശി ഷാജിയ്ക്ക് ലഭിച്ചതാവട്ടെ ഒരു ഭീമന്‍ അലമാരിയും.
മുണ്ടക്കയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയതിന്റെ അടുത്ത ദിവസം വെളുപ്പിനെ ആറ്റില്‍ വലവീശാനിറങ്ങിയപ്പോഴാണ് ഒഴുകി വരുന്ന തടി ഉരുപ്പടി ഷാജിയുടെ ശ്രദ്ധയില്‍ പെട്ടത്.
അലമാരയാണെന്ന് മനസിലായതിനെ തുടര്‍ന്ന് ആറ്റിലിറങ്ങി കരയിലേക്ക് വലിച്ചടുപ്പിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടിലെത്തിച്ചു.
വാതിലുകള്‍ തുറന്ന് കമിഴ്ന്ന് ഒഴുകിയ അലമാരക്കുള്ളില്‍ നിറയെ മാലിന്യങ്ങളായിരുന്നു. വൃത്തിയാക്കിയപ്പോഴാണ് താഴെയുള്ള ഡ്രോയുടെ ഉള്ളിലുള്ള പ്ലാസ്റ്റിക് ബാഗ് ലഭിച്ചത്.
നനഞ്ഞു കുതിര്‍ന്ന ബാഗ് അടുപ്പിന് സമീപം വെച്ച് ഉണക്കിയെടുത്തതിന് ശേഷം പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നും ഉടമസ്ഥന്റെ വിവരം ലഭിച്ചു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ മുണ്ടക്കയം ഷാസ് നികുഞ്ജത്തില്‍ കണ്ണന്‍ എന്നയാളെ അലമാര ലഭിച്ച വിവരം അറിയിച്ചു. പൂര്‍ണമായും വെള്ളമിറങ്ങിയതിനു ശേഷം അലമാര തിരികെ കൊണ്ടു പോകാന്‍ വരുമെന്നാണ് ഉടമ ഷാജിയെ അറിയിച്ചത്.
നിറഞ്ഞ മനസ്സോടെ അലമാര വൃത്തിയാക്കി ഉടമയെ കാത്തിരിക്കുകയാണ് ഇപ്പോള്‍ ഷാജിയും അലമാര വീട്ടിലെത്തിക്കാന്‍ സഹായിച്ച കിടങ്ങറ മുട്ടത് മോനച്ചനും തോമസും.
വെളിയനാട് ഗ്രാമ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ ചെറുകാട്ടുശേരി പാടത്തിന്റെ ചിറയിലാണ് ഷാജിയും കുടുംബവും താമസിക്കുന്നത് .
ഓരോ പ്രളയകാലത്തും കുട്ടനാട്ടുകാര്‍ക്ക് ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും കിഴക്കന്‍ നാട്ടിലുള്ള ഉടമകളെ കണ്ടെത്താന്‍ സാധിക്കാറില്ല .