സ്വന്തംലേഖകൻ
തൃശൂർ: നെൽപാടങ്ങൾ വ്യാപകമായി നികത്തി എലഗന്റ് സിറ്റിയടക്കം നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മാസ്റ്റർ പ്ലാനിനുവേണ്ടി അരണാട്ടുകര വില്ലേജിലെ ബേസിക് ടാക്സ് രജിസ്റ്റർ(ബിടിആർ) രേഖകൾ മുക്കിയതായി സൂചന.
ഈ പ്രദേശത്ത് വീടുകൾക്ക് അനുമതി തേടി വില്ലേജിലെത്തിയവരോട് ബിടിആർ രേഖകൾ കാണാനില്ലെന്ന് പറഞ്ഞ് മടക്കിയതോടെയാണു കോർപറേഷനിലെ ഉന്നതരുടെ നിർദേശത്തിൽ ബിടിആർ രേഖകൾ മുക്കിയതായി പരാതി ഉയർന്നിരിക്കുന്നത്.
റവന്യു മന്ത്രി കെ. രാജനോടു പലരും പരാതി പറഞ്ഞതിനെ തുടർന്ന് രഹസ്യമായി അന്വേഷിക്കാൻ നിർദേശിച്ചിരിക്കയാണ്.വീടിന്റെ അനുമതി വാങ്ങുന്നതിനുമുന്പ് സ്ഥലം തണ്ണീർത്തടമാണോ കര ഭൂമിയാണോ എന്നറിയാൻ ബിടിആർ പരിശോധിക്കണം.
എന്നാൽ ഈ രേഖകൾ വില്ലേജ് ഓഫീസിലില്ലെന്നാണ് ജീവനക്കാരുടെ മറുപടി. വർഷങ്ങൾ പഴക്കമുള്ളതിനാൽ രേഖകൾ നശിച്ചു പോയിരിക്കാമെന്നും പറയുന്നുണ്ട്. പക്ഷേ, എത്ര വർഷം പഴക്കമുള്ളവയാണെങ്കിലും രേഖകൾ കാണാതെ വരില്ലെന്നു പ്രദേശ വാസികളും പറയുന്നു.
മാസ്റ്റർ പ്ലാൻ പദ്ധതിയുടെ പേരിൽ അരണാട്ടുകര വില്ലേജിലാണ് ഏറ്റവും കൂടുതൽ വീടുകൾ പോകുന്നതും തണ്ണീർത്തടങ്ങൾ നികത്തി എലഗന്റ് സിറ്റിയാക്കാൻ നിർദേശിച്ചിരിക്കുന്നതും.
കോർപറേഷനിലെ മാസ്റ്റർ പ്ലാൻ നടപ്പാക്കണമെന്നു വാശിപിടിക്കുന്ന ചില ഭരണക ക്ഷി കൗണ്‍സിലർമാർ ഈ ഭാഗത്തു വ്യാപകമായി കുറഞ്ഞ വിലയിൽ നെൽപ്പാടങ്ങൾ വാങ്ങിയിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതാണ് ഇവർ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ഏറെ വാശി പിടിക്കുന്നതത്രേ. ഇത്തരം വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു.
ഇതെല്ലാം വ്യക്തമായി മനസിലാക്കിയാണു സിപിഐ നേതാവ് അഡ്വ. റോബ്സ ണ് പോൾ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ സ്പെഷൽ കൗണ്‍സിൽ വിളിക്കണമെന്ന ആവശ്യവും മേയർ എം.കെ. വർഗീസ് നിരാകരിച്ചിരിക്കയാണ്. ഇതിനെതിരെ പ്രതിപക്ഷം നിയമപരമായ നടപടികളിലേക്കു കടക്കുകയാണ്.