അമ്പലപ്പുഴ: എന്റെ മോനെ കണ്ടോ? അവനെവിടെയാണെങ്കിലും ഒന്നു കണ്ടാല്‍ മതി…
തോട്ടപ്പള്ളിയിലെ പെരിയൊന്റെ പറമ്പിലെത്തുന്നവരോട് അമ്മ സേതുവിന്റെ ചോദ്യമാണിത്.
ഈ അമ്മയുടെ നിഷ്ക്കളങ്കതയുടെ കണ്ണീരിനു മുന്നിൽ മനസുരുകാത്തവര് ആരും കാണില്ല. ഏകമകനെ കാണാതായതിന്റെ വേദന ഉള്ളിലൊതുക്കി കഴിയുകയാണ് ഈ 84 കാരിയായ അമ്മ
കഴിഞ്ഞ 29 മുതലാണ് സി പി എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റി അംഗം കൂടിയായ സജീവനെ കാണാതാകുന്നത്.
മത്സ്യത്തൊഴിലാളിയായ സജീവന് അമ്മയ്ക്കു കട്ടന്‍ ചായ തിളപ്പിച്ച് കോടുത്തിട്ടാണ് എന്നും പോകുന്നത്.
ചെമ്മീന്‍ പീലിങ് തൊഴിലാളിയായ ഭാര്യ പുലര്‍ച്ചെ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
സജീവനാണ് കട്ടന്‍ ചായ ഉണ്ടാക്കികൊടുത്തത്. പതിവുപോലെ ജോലിക്കായി യാത്ര പറഞ്ഞിറങ്ങിയ മകനെ കുറച്ച് പിന്നീടറിയുന്നത് കാണാനില്ലെന്നാണ്.
സജീവനെ കാണാതായതിന് പിന്നിലെ ദുരൂഹത തുടരുമ്പോള്‍ നാട്ടുകാര്‍ക്കും പറയാന്‍ ചിലതുണ്ട്. സജീവന് ഒളിവില്‍ കഴിയേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ല.
പാർട്ടി മൗനത്തിൽ
ഒരു പാര്‍ട്ടി അംഗത്തെ കാണാതായിട്ടും നേതൃത്വം മൗനസമീപനമാണ് സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ വാട്സാപ് ഗ്രൂപ്പില്‍ പോലും ഇദ്ദേഹത്തെ കണ്ടെത്താനുള്ള ചര്‍ച്ച നടന്നിട്ടില്ല.
സംസ്ഥാന പോലീസിന് പോലുമില്ലാത്ത സമൂഹമാധ്യമ കൂട്ടായ്മ ഉണ്ടായിട്ടും. അതിനുള്ള ശ്രമം നടന്നിട്ടില്ല.
പ്രദേശത്തെ ഏതൊരുവിഷയത്തിലും ആക്ഷന്കൗന്സില് രൂപീകരിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ള ഇവർ ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ബന്ധുക്കള്‍ക്കും പാര്‍ട്ടി നിലപാടില്‍ അതൃപ്തിയുണ്ട്. തുടക്കത്തിലെ ആവേശം പോലീസിലും കാണുന്നില്ല.
പുന്നപ്ര വയലാര്‍ വാരാചരണത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സഖാവിനെ അന്വക്ഷിക്കാന് പോലും ആരും തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കരിമണല്‍ ലോബിയാണ് സജീവിന്റെ തിരോധാനത്തിന് പിന്നിലെന്ന് ആരോപിച്ച കരിമണല്‍ ഖനനവിരുദ്ധ സമിതിയും പിന്നീട് മൗനം പാലിച്ചു.
നാട്ടുകാരുമായി ചേര്‍ന്ന് ആക്ഷന്‍കൗണ്‍സില്‍ രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നിശബ്ദരായെന്നുള്ള ആരോപണവും ശക്തമാണ്.
ഭാര്യയുടെ പരാതിയിൽ
ഭാര്യ സജിത നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വക്ഷണം നടത്തിയെങ്കിലും സജീവന്റെ തിരോധാനത്തില്‍ ദുരൂഹത മാത്രം അവശേഷിക്കുകയാണ്.
.സി പി എം പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയും പോലീസിന്റെ ശരിയായ അന്വക്ഷണം വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്ന ആക്ഷേപവും നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്.
മത്സ്യത്തൊഴിലാളിയായ സജീവനെ കാണാതാകുന്ന ദിവസം തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയിരുന്നു.
ഭാര്യ സജിത വിളിച്ചതിനെ തുടര്‍ന്ന് കാരിയര്‍ വള്ളത്തില്‍ തിരികെ ഹാര്‍ബറിലെത്തി. പിന്നീട് ഭാര്യയുടെ കുടുംബ വീടായ പുത്തന്‍നടയില്‍ നിന്നും സജീവന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്.
എന്നാല്‍ വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് ഭാര്യ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.