കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ച സംഭവത്തില്‍ മാനേജര്‍ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
മോന്‍സന്റെ നിര്‍ദേശ പ്രകാരം പെന്‍ഡ്രൈവ് കത്തിച്ചു കളഞ്ഞുവെന്ന് ജിഷ്ണു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
മോന്‍സനു വേണ്ടി ചെയ്ത വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ മോന്‍സന്റെ മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്സണ്‍, ബോഡി ഗാര്‍ഡ് മാത്യു എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞു.
ഇത്രയും കാലം മോന്‍സനൊപ്പം നിന്നത് തങ്ങളുടെ ഗതികേട് കൊണ്ടാണെന്നാണ് ഇവര്‍ പറഞ്ഞത്.
കോടതി വരാന്തയില്‍ വച്ചാണ് തെളിവു നശിപ്പിക്കാന്‍ മോന്സന് ആവശ്യപ്പെട്ടതെന്നാണ് ജിഷ്ണു പറയുന്നത്.
കത്തിച്ച അവശിഷ്ടങ്ങള്‍ എവിടെയൊക്കെ നിക്ഷേപിക്കണമെന്നും മോന്സന് പറഞ്ഞിരുന്നതായി ജിഷ്ണു വെളിപ്പെടുത്തി.
പെന്‍ഡ്രൈവില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല, നശിപ്പിച്ചേക്ക് എന്നുപറഞ്ഞപ്പോള്‍ താനത് നശിപ്പിച്ചു.
വീട്ടിൽ ഉണ്ടായിരുന്നത് അന്‍പതോളം കാമറകൾ
മോന്സന് ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താന്‍ കണ്ടിട്ടുണ്ട്.
പ്രശ്നങ്ങളൊന്നുമില്ല, പുള്ളി ഇറങ്ങിവരും നിങ്ങളുടെ ഫണ്ട് തരുമെന്ന് താന്‍ മോന്സന് ആവശ്യപ്പെട്ട പ്രകാരം പലരോടും പറഞ്ഞെന്നും ജിഷ്ണു വെളിപ്പെടുത്തി.
മോന്‍സന്റെ വീട്ടില്‍ അമ്പതോളം കാമറകള്‍ ആണ് ഉണ്ടായിരുന്നത്. ഇത് എവിടെയൊക്കെ സ്ഥാപിച്ചിരുന്നെന്ന് അറിയില്ലെന്നും ജിഷ്ണു പറഞ്ഞു.
അതേസമയം ക്രൈംബ്രാഞ്ച് സംഘം ഈ വെളിപ്പെടുത്തല്‍ പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
പെന്‍ഡ്രൈവില്‍ ഒളികാമറയിലെ ദൃശ്യങ്ങളോ?
മോന്‍സന്റെ വീട്ടിലെ ഒളികാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണോ പെന്‍ഡ്രൈവില്‍ ഉണ്ടായിരുന്നതെന്നും ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നുണ്ട്.
അറസ്റ്റിലായതിന് ശേഷവും താന്‍ നിരപരാധിയാണെന്ന് മോന്സന് തങ്ങളെ വിശ്വസിപ്പിച്ചെന്നും ജീവനക്കാര്‍ പറയുന്നു.
ബോഡിഗാര്‍ഡ് ആയി കൂടെ ഉണ്ടായിരുന്നവരുടെ കൈവശം ഉള്ളത് വ്യാജ തോക്കുകളായിരുന്നു.
യുടൂബ് ചാനലില്‍ വരേണ്ടതിന് മോന്സണ് എഴുതി തന്ന കാര്യങ്ങള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജിഷ്ണു വ്യക്തമാക്കി.
വഴിയില്‍ മോന്‍സന്റെ വാഹനത്തെ മറികടന്നവരെ പലപ്പോഴും അദേഹം പറഞ്ഞ പ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍ ജെയ്സണ്‍ പറഞ്ഞു.
മോന്സനെക്കുറിച്ചുള്ള പല കാര്യങ്ങളും അന്വേഷണം നടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്. സത്യം മനസിലായപ്പോള്‍ ജോലി മതിയാക്കാന്‍ തീരുമാനിച്ചെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷിക്ക് ഇടപാടുകളെ കുറിച്ച് അറിയാം. ജോലി വിടരുതെന്ന് മോന്‍സന്റെ അറസ്റ്റിന് ശേഷം ജോഷി ആവശ്യപ്പെട്ടെന്നും ജീവനക്കാര്‍ പറയുന്നു.
പോക്സോ കേസിൽ മോന്‍സന്റെ മേക്കപ്പ്മാന് റിമാന്‍ഡില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മോന്‍സന്റെ മേക്കപ്പ്മാനെ റിമാന്‍ഡ് ചെയ്തു.
ദീര്‍ഘകാലം മോന്‍സന്റെ മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചു വന്നിരുന്ന ജോഷിയെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജോഷിയുടെ അറസ്റ്റ്.
ജോഷി പലതവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ജോഷിയെ കസ്റ്റഡിയില്‍ വാങ്ങി പീഡനം നടന്ന കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.
അതേസമയം പോക്സോ കേസില്‍ മോന്‍സന്റെ അറസറ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.