കുമരകം: വളർത്തു നായയുടെ പരാക്രമത്തിൽ പരിക്കേറ്റവർ ചികിത്സ നടത്തി. കടിയേറ്റ മറ്റു നായകളെ 11-ാം വാർഡിലെ കമ്യൂണിറ്റി ഹാളിൽ നിരീക്ഷണത്തിലാക്കി.
ഇന്നലെ വൈകുന്നേരം നാലിനുണ്ടായ നായയുടെ ആക്രമണത്തിൽ നാലു പേർക്കും രണ്ടു നായ്ക്കൾക്കും സാരമായി കടിയേറ്റു. പാണ്ടൻ ബസാറിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഒതളപ്പറന്പിൽ വാവയുടേതാണ് നായ.
മണിക്കൂറുകൾ നീണ്ടുനിന്ന നായയുടെ പരാക്രമത്തിൽ കടിയേറ്റത് നായയുടെ ഉടമ ബിജു ഒതളപറന്പിൽ, വിപിൻ രാജ് നന്പിശേരികളത്തിൽ, വിജയമ്മ പുതുച്ചാറ, ജീവ അനീഷ് കുന്നപ്പള്ളി എന്നിവർക്കാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരിൽ മൂന്നു പേർക്ക് മാത്രമാണ് സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭിച്ചത്.
ജീവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് 13,000 രൂപ മുടക്കി വാങ്ങേണ്ടി വന്നു. നായക്ക് പേവിഷ ബാധയെന്ന സംശയം ജനങ്ങളെ ഭയത്തിലാക്കിയിട്ടുണ്ട്.
എസ്.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസ് ജനങ്ങൾക്ക് സുരക്ഷ ഒരുക്കി. കടിയേറ്റ നാലു നായകളെയാണ് എറണാകുളത്തുനിന്നും എത്തിയ നായ പിടുത്തക്കാർ പിടികൂടി കൂട്ടിലാക്കിയത്.
ഇന്നു രാവിലെ മൃഗ ഡോക്ടർ എത്തി പരിശോധിച്ച ശേഷം മറ്റു നടപടികളിലേക്കു കടക്കും.ആക്രമണത്തിന്റെ തുടക്കത്തിൽ ഉടമ ബിജുവും സുഹൃത്തുക്കളും നായയെ അനുനയിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും നായ കൂടുതൽ അപകടകാരിയാകുകയായിരുന്നു.
ഇതോടെ നാട്ടുകാരിൽ പലരും വീടുകൾക്കുള്ളിൽ അഭയം തേടി. പിന്നീട് രാത്രി ഏഴോടെ നായയെ ചത്ത നിലയിൽ കണ്ടെത്തി.