തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും പുതിയത് പണിയണമെന്നും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചുവെന്നും ഗവർണർ വ്യക്തമാക്കി.
തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. തമിഴ്നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.5 അടി പിന്നിട്ടു. ഞായറാഴ്ച വൈകുന്നേരം 136.9 അടിയായിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച പകൽ അണക്കെട്ട് പ്രദേശത്ത് മഴയില്ലായിരുന്നെങ്കിലും വൈകുന്നേരത്തോടെ മഴ തുടങ്ങി. മഴ കനത്താൽ ഇന്നു പകൽ ജലനിരപ്പ് 138 അടി പിന്നിട്ടേക്കും.
ജലനിരപ്പ് 138 അടിയിലെത്തുന്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തുന്പോൾ അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ മുന്നറിയിപ്പ് നൽകും.141-ൽ രണ്ടാമത്തെ മുന്നറിയിപ്പും 142-ൽ അവസാനത്തെ മുന്നറിയിപ്പും നൽകി വെള്ളംതുറന്നുവിടും.