ചെന്നൈ: മുല്ലപ്പെരിയാർ ഡാം പൊളിക്കണമെന്ന് ആവശ്യപ്പെട്ട നടൻ പൃഥ്വിരാജിനെതിരേ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. തേനി ജില്ലയിൽ കളക്ട്രേറ്റിന് മുന്നിൽ താരത്തിന്റെ കോലം കത്തിച്ചു. അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എംഎൽഎ വേൽമുരുകനും പറഞ്ഞു.
തമിഴ്നാട്ടിൽ സമൂഹമാധ്യമങ്ങളിലും പൃഥ്വിരാജിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്.
വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്.
നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാമെന്ന് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.