ചെങ്ങന്നൂർ: എം.സി. റോഡിൽ ഞായറാഴ്ച ഓട്ടോറിക്ഷയുമായിടിച്ചു അപകടമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് പോലീസ്.
ഞായറാഴ്ച രാത്രി ഗുരുതരാവസ്ഥയിലുള്ള കുട്ടികളുമായി അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്നതിനിടെ ചെങ്ങന്നൂർ തേരകത്ത് പടിയിലാണ് അപകടമുണ്ടായത്.
കുട്ടികളെ പിന്നീട് മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവത്തെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പെരിങ്ങനാട് സ്വപ്ന വിലാസത്തിൽ സ്വപ്നകുമാർ (47)-നെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടന്നെത്തിയ ആംബുലൻസ് ആദ്യം എതിരെ വന്ന കാറിൽ തട്ടി. തുടർന്നു കാറിന്റെ പിറകെയുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുറിച്ചിമുട്ടം തെക്കേകൊല്ലിരേത്ത് പ്രശാന്ത് ഗോപി (30) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ കാൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും, അഗ്നിരക്ഷാസേനയും പോലീസും ചേർന്നു ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഡ്രൈവർക്കെതിരെ കേസെടുത്തു. അടൂർ നഗരസഭ അധികൃതർക്കും റിപ്പോർട്ട് നൽകി.
ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് വേണ്ട നടപടി സ്വീകരിക്കുമെന്ന് ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു പറഞ്ഞു.