മലപ്പുറം: കൊണ്ടോട്ടിയിൽ കോളജ് വിദ്യാർഥിനിക്ക് നേരെ പീഡനശ്രമം നടന്ന സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ.
15കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.
തിങ്കളാഴ്ച ഉച്ചയ്ക്ക് കോളജിലേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്നയാൾ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
കുതറിമാറി രക്ഷപ്പെട്ട പെൺകുട്ടിയെ ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പെൺകുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പരിക്കേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.
പരിസരങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചാണ് പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നത്.