ടോക്കിയോ: ജപ്പാനിലെ രാജകുമാരി മാകോയും, സഹപാഠിയും സാധാരണക്കാരനുമായ കീ കൊമുറോയും പരന്പരാഗത ആഘോഷങ്ങളുടെ അകന്പടിയില്ലാതെ ഇന്നലെ വിവാഹിതരായി.
ഇതോടെ മാകോയുടെ രാജകീയ പദവിയും അധികാരങ്ങളും നഷ്ടപ്പെട്ടു. മാകോ ഭർത്താവിന്റെ സർനെയിം സ്വീകരിച്ചു.
വിവാഹിതരായ ദന്പതികൾക്ക് ഒരു സർനെയിമേ പാടുള്ളൂ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ജപ്പാനിലെ ഒട്ടുമിക്ക സ്ത്രീകൾക്കും വിവാഹത്തോടെ അവരുടെ കുടുംബപ്പേരുകൾ ഉപേക്ഷിക്കേണ്ടിവരാറുണ്ട്.
ദന്പതികളുടെ വിവാഹരേഖ കൊട്ടാരത്തിൽ സമർപ്പിച്ചതോടെ ഇത് ഔദ്യോഗികമായെന്ന് ഇംപീരിയൽ ഹൗസ്ഹോൾഡ് ഏജൻസി അറിയിച്ചു.
കീ കൊമുറോ തനിക്കു വിലമതിക്കാനാവാത്ത വ്യക്തിയാണെന്നും ഹൃദയം ഇഷ്ടപ്പെടുന്ന ആൾക്കൊപ്പം ജീവിക്കാനുള്ള തീരുമാനമാണു തങ്ങളുടെ വിവാഹമെന്നും മാകോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവാഹത്തിനു മൂന്നുദിവസം മുന്പുമാത്രം 30 വയസ് തികഞ്ഞ മാകോ, അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമാണ്.
ടോക്കിയോയിലെ ഇന്റർനാഷണൽ ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിലെ സഹപാഠികളായിരുന്നു മാകോയും കൊമുറോയും.
തൊട്ടടുത്ത വർഷം വിവാഹിതരാകുമെന്ന് 2017 സെപ്റ്റംബറിൽ ഇവർ പ്രഖ്യാപിച്ചിരുന്നെങ്കിലും, രണ്ടു മാസത്തിനുശേഷം കൊമുറോയുടെ മാതാവുമായി ബന്ധപ്പെട്ടുണ്ടായ സാന്പത്തിക പ്രശ്നങ്ങളെത്തുടർന്നു വിവാഹം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
ജപ്പാനിൽ, രാജകുടുംബത്തിലെ വനിതകൾ സാധാരണക്കാരെ വിവാഹം കഴിച്ചാൽ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും.
അതിനാൽ വിവാഹത്തോടെ മാകോയും സാധാരണക്കാരിയായി. എന്നാൽ, പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല.
രാജകുടുംബം വിട്ടുപോകുന്നവർക്കു ലഭിക്കുന്ന 140 ദശലക്ഷം യെൻ സ്ത്രീധനവും മാകോ നിരസിച്ചിരുന്നു.