ആലുവ: നിരോധിത എയർ ഹോണുകൾ മുഴക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായി പരാതി.
ഇവർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് ജീവനക്കാർക്കെതിരേ കെസെടുത്ത പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി ദിനിൽ ഇട്ടൂപ്പ്(36), ചൂണ്ടി പുളിക്കൽ ലിജോ ജോസ്(37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആലുവ-മൂന്നാർ റോഡിലെ ചൂണ്ടി കവലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ബസുകൾ നിരോധിത എയർ ഹോൺ മുഴക്കുന്നതിനെതിരേ നാട്ടുകാരും വ്യാപാരികളും ചേർന്ന് രാവിലെ മുതൽ ബസ് ജീവനക്കാരെ ബോധവത്കരിച്ചിരുന്നു.
ഇതിനിടെയാണ് ആലുവ-പെരുമ്പാവൂർ റൂട്ടിലോടുന്ന കെഎൽ 05 എബി 8070 സൽമാൻ ബസിലെ ജീവനക്കാർ നാട്ടുകാരുമായി വാക്കുതർക്കമുണ്ടായത്.
തുടർന്ന് വൈകിട്ടോടെ ഗുണ്ടകളുമായെത്തിയ ഇവർ ബസ് നിർത്തിയിട്ട് ഹോൺ മുഴുക്കി പ്രകോപിപ്പിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതിഷേധിച്ച തങ്ങളെ ബസിൽനിന്ന് ഇറങ്ങിവന്ന ഏഴോളം പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സ്ഥലത്തേക്ക് കൂടുതൽ നാട്ടുകാരെത്തി ബസ് തടഞ്ഞിട്ടതോടെ എടത്തല പോലീസെത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റിവിട്ടു.