കോട്ടയം: കെപിസിസി പുനഃസംഘടന പൂർത്തിയായപ്പോൾ ഉമ്മൻചാണ്ടി നിയന്ത്രിച്ചിരുന്ന എ ഗ്രൂപ്പ് കോട്ടയം ജില്ലയിൽ തൂത്തെറിയപ്പെട്ടു.
ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പിൽനിന്നു പൂർണമായി അകന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോട് ആഭിമുഖ്യം പുലർത്തുന്നവർക്കാണു ജില്ലയിൽനിന്നു പരിഗണന ലഭിച്ചിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നടത്തിയ അതേ നീക്കങ്ങൾ സംസ്ഥാനനേതൃത്വം നടത്തിയതാണു പഴയ എ ഗ്രൂപ്പിനു തിരിച്ചടിയായത്.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിശ്വസ്തനാണ്. ആന്റോ ആന്റണി, പി.ടി. തോമസ് എന്നിവരുടെ പിന്തുണയോടെയാണ് നാട്ടകം സുരേഷ് പ്രസിഡന്റായത്.
ഇത്തവണ സ്ഥാനം നേടിയ നാലു പേരിൽ മൂന്നു പേരും തിരുവഞ്ചൂരുമായി അടുത്തബന്ധം പുലർത്തുന്നവരാണ്.
ജനറൽ സെക്രട്ടറിയായ പി.എ. സലിം എ ഗ്രൂപ്പുകാരനെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നു.
ജോസി സെബാസ്റ്റ്യൻ പഴയ ഐഗ്രൂപ്പുകാരനും പത്മജ വേണുഗോപാലിന്റെ ജില്ലയിലെ നേതാവുകൂടിയാണ്.
കെ.സി. വേണുഗോപാലിന്റെ ഇടപെടലും ജോസിക്കു തുണയായി. ടോമി കല്ലാനി എ ഗ്രൂപ്പ് നേതാവാണെങ്കിലും എ.കെ. ആന്റണിയുടെ വിശ്വസ്തനാണ്.
ഐ ഗ്രൂപ്പിന്റെ നേതാവായി കോട്ടയത്ത് പ്രവേശിച്ച ഡോ. പി.ആർ. സോന കഴിഞ്ഞ തവണ വൈക്കത്തുനിന്നും ജനവിധി തേടിയിരുന്നു.
കോട്ടയം നഗരസഭ മുൻചെയർപേഴ്സണും നിലവിലെ അംഗവുമാണ്. ഐ ഗ്രൂപ്പുകാരിയെങ്കിലും സോന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുമായി അടുത്തബന്ധം പുലർത്തുന്നയാളാണ്.
മുതിർന്ന നേതാക്കളിൽ പലരെയും അവഗണിച്ചതിൽ ഒരു വിഭാഗത്തിനിടയിൽ അതൃപ്തി പുകയുകയാണ്.
കെപിസിസി ഭാരവാഹി പട്ടികയിലേക്കു പരിഗണിക്കപ്പെട്ടിരുന്ന ഫിലിപ്പ് ജോസഫ്, ഫിൽസണ് മാത്യൂസ് ഉൾപ്പടെയുള്ളവർ ഒഴിവാക്കപ്പെട്ടു.
ചാണ്ടി ഉമ്മൻ നേതൃനിരയിലേക്കു വരുമെന്നു പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഒഴിവാക്കപ്പെട്ടു.