കൊയിലാണ്ടി: ഗിരീഷിന്റെ വിയോഗം പോലീസ് സേനക്ക് തീരാനഷ്ടം. ബാലുശേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉള്ള്യേരി കൊയക്കാട് കൊളോത്ത് ഗിരീഷ് (47) ചൊവ്വാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് .
എസ്പിയുടെ നാർക്കോട്ടിക് ക്രൈംസ്ക്വാഡിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
കൊയിലാണ്ടി സ്റ്റേഷനിൽ സർവീസിലിരിക്കെ 2012 ൽ റെയിൽവെ സ്റ്റേഷൻ റോഡിൽ സമീപം ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചത് വാഹനാപകടത്തിലാണെന്ന് നിഗമനത്തിലെത്തിയെങ്കിലും കൊലപാതകമാണെന്ന് കണ്ടെത്തിയതും ഗിരീഷിന്റെ അന്വേഷണ മികവായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കും ഗിരീഷിന്റെതായിരുന്നു.
2018ൽ കൊയിലാണ്ടി ഊരള്ളൂരിലെ ആയിഷ ഉമ്മ മരിച്ച സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതിയെ പിടികൂടുന്നതിലും ഗിരീഷിന്റെ അന്വേഷണ മികവ് വലിയ പങ്ക് വഹിച്ചു.
ഈ കേസിൽ പരാതിയും തെളിവും സാക്ഷിയും ഉണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കൊലപാതക കേസുകളും ഗിരീഷിന്റെ അന്വേഷണ മികവിൽ തെളിയിച്ചിട്ടുണ്ട്.
ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകൾ പിടികൂടുന്നതിലും ഗിരീഷിന്റെ അന്വേഷണ പാടവം പോലീസിന് ഗുണം.ചെയ്തിട്ടുണ്ട്.
ഊരള്ളൂരിൽ സ്വർണം പൊട്ടിക്കൽ സംഭവത്തിൽ പൊട്ടിച്ച വ്യക്തിയെ തോക്ക് ചുണ്ടി തട്ടികൊണ്ട് പോയ കേസ് അന്വേഷണത്തിലും ഗിരീഷിന്റെ അന്വേഷണ മികവുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മെഡൽ അടക്കം 150 ഓളം ഗുഡ്സ് എൻട്രികളും സർവീസിനിടയിൽ നേടിയിട്ടുണ്ട്.
കൂടത്തായ് കൊലപാതക പരമ്പരയിലെ അന്വേഷണ സംഘത്തിലും നിരവധി കൊലപാതക കേസുകളിലെ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. ഉണ്ണി നായരുടെയും തങ്കയുടെയും മകനാണ്, ദിവ്യയാണ് ഭാര്യ. മകൾ ഗായത്രി.