സ്വന്തം ലേഖകന്‍
കോഴിക്കോട്: മിഠായിത്തെരുവില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന കണ്ടെത്തലടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറും.
ജനങ്ങളും ജീവനും സ്വത്തിനും ഭീഷണിയാണെന്ന് വ്യക്തമാക്കികൊണ്ട് കോഴിക്കോട് സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസി.കമ്മീഷണര്‍ എ. ഉമേഷ് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത്. ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറും.
റിപ്പോര്‍ട്ടിന്റെ എട്ട് പകര്‍പ്പുകള്‍ തയാറാക്കാനും ജില്ലാ കളക്ടര്‍, കോര്പറേഷന് മേയര്‍ തുടങ്ങി എല്ലാ വിഭാഗം അധികൃതര്‍ക്കും സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചുവരികയാണ്. ആവശ്യമായ മാറ്റങ്ങളുണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തി അന്തിമ റിപ്പോര്‍ട്ട് കൈമാറും.
ചെറിയ തീപ്പൊരിയുണ്ടായാല്‍ വരെ സ്ഫോടന സമാനമായ അവസ്ഥയുണ്ടാവാനുള്ള സാധ്യതയാണ് മിഠായിത്തെരുവിലുള്ളതെന്നാണ് 500 പേജിലുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.
കഴിഞ്ഞമാസം മിഠായിത്തെരുവിലെ മൊയ്തീന്‍പള്ളി റോഡിലെ തീപിടിത്തത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണ് മിഠായിത്തെരുവില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്.
തീ എളപ്പുത്തല് പടര്‍ന്ന് പിടിക്കുനന്തിനുള്ള എല്ലാ സാഹചര്യങ്ങളും മിഠായിതെരുവിലുണ്ടെന്നും തീയണയക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതിന്റെ ബുദ്ധിമുട്ടുകളും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
നിലവിലെ സാഹചര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമായതിനാലാണ് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചത്.