തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ സുരക്ഷാക്രമീകരണത്തിൽ മാറ്റം വരുത്തിയപ്പോൾ വി.ഡി.സതീശന് ഇനി രണ്ടു ഗൺമാൻമാരുടെ മാത്രം സുരക്ഷ. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനു 28 കമാൻഡോമാർ അടക്കമുള്ളവരുടെ വൻ സുരക്ഷ തുടരും.
പ്രതിപക്ഷ നേതാവിന്റെ സുരക്ഷാക്രമീകരണം വൈ കാറ്റഗറിയിലേക്കു മാറ്റിയതോടെയാണ് രണ്ടു സായുധ ഗൺമാൻമാർ മാത്രമായത്. അതേസമയം, വൈ കാറ്റഗറി സുരക്ഷ പ്രകാരം 12 മുതൽ 17 വരെ പോലീസുകാർ മഫ്തിയിലും യൂണിഫോമിലുമായുണ്ടാകും.
സായുധരായ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ മാത്രമേ വൈ കാറ്റഗറിയിൽ ഉള്ളൂ. എന്നാൽ, നേരത്തെ തന്നെ എസ്കോർട്ടും പൈലറ്റും വേണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സർക്കാരിനെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് 28 കമാൻഡോകളുടെ സംരക്ഷണത്തോടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. മാവോയിസ്റ്റ് അടക്കമുള്ളവരുടെ ഭീഷണി കണക്കിലെടുത്താണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
കമാൻഡോകളെ കൂടാതെ പൊതുപരിപാടികളിൽ പോലീസുകാരുടെ മറ്റു സുരക്ഷാക്രമീകരണങ്ങളും മുഖ്യമന്ത്രിക്കായി ഒരുക്കാറുണ്ട്.അധോലോക നായകൻ രവി പൂജാരിയുടെ വധഭീഷണിയെത്തുടർന്നാണ് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കു വൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്.
വി.ഡി. സതീശൻ പ്രതിപക്ഷനേതാവായതോടെ, ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഇതു പുനഃപരിശോധിക്കുകയായിരുന്നു. ചെന്നിത്തല മാറിയതോടെ പ്രതിപക്ഷനേതാവിനു ഭീഷണിയില്ലെന്ന വിലയിരുത്തലിലാണ് സുരക്ഷ കുറയ്ക്കാൻ തീരുമാനിച്ചത്.
കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റയ്ക്ക് വൈ കാറ്റഗറി സുരക്ഷയുണ്ട്. ബെഹ്റ ഡിജിപിയായിരിക്കെയുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളുടെ പേരിലാണിത്. വധഭീഷണിയുണ്ടായതിനെത്തുടർന്ന് കണ്ണൂരിലെ സിപിഎം നേതാവ് പി. ജയരാജനു വൈ-പ്ലസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്. മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്. സംസ്ഥാന മന്ത്രിമാർക്കെല്ലാം എ കാറ്റഗറി സുരക്ഷയും.