തിരുവനന്തപുരം: കോർപറേഷനിൽ കെട്ടിട നികുതി (ഭൂ നികുതി) അടച്ചവർക്ക് വീണ്ടും അടയ്ക്കേണ്ടി വരില്ലെന്നു തദ്ദേശ സ്ഥാപന മന്ത്രിക്കു വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
രസീത് ഉള്ളവർക്കു മാത്രമല്ല. സോണൽ ഓഫീസ് രേഖകളുള്ളവർക്കും വീണ്ടും നികുതി നൽകേണ്ടതില്ല. ഇവർക്ക് ഒരു ആശങ്കയ്ക്കും വകയില്ല. കോർപറേഷനിൽ അഴിമതി നടന്നുവെന്നത് ശരിയാണ്.
നേമം സോണലിൽ 26.74 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടു രണ്ടു പേർ അറസ്റ്റിലായി. ശ്രീകാര്യം സോണലിൽ 5.12 ലക്ഷത്തിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടു ഒരാളും ആറ്റിപ്രയിലെ 1.09 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു ഒരാളും പിടിയിലായി.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടു 13 ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും മന്ത്രി പറഞ്ഞു.പോലീസ് അന്വേഷണം കൂടാതെ ക്രമക്കേടുമായി ബന്ധപ്പെട്ടു വകുപ്പുതല അന്വേഷണം നടന്നു വരുന്നു.
ഓഡിറ്റ് തല പരിശോധന കൂടാതെ അക്കൗണ്ടന്റ് ജനറൽ, ലോക്കൽ ഫണ്ട് ഓഡിറ്റ് എന്നിവയുടെ പരിശോധനയും നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.