ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തയാൾ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തു. മാപ്രാണം തളിയക്കോണം സ്വദേശി ആലപ്പാടൻ ജോസ് (62) ആണ് ജീവനൊടുക്കിയത്.
വായ്പ തിരിച്ചടക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കു കാരണമായി പറയപ്പെടുന്നത്. ഇന്ന് രാവിലെ വീടിനു മുന്നിലെ മരച്ചില്ലയിലാണ് ജീവനൊടുക്കിയത്.
വായ്പ ഉടൻ തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കിൽ നിന്നും നോട്ടീസ് നല്‍കിയിരുന്നു. ഏഴു ലക്ഷം രൂപയാണ് കടബാധ്യതയുള്ളത്.
മകളുടെ വിവാഹാവശ്യത്തിന് നാലു ലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നതെങ്കിലും ലോണ്‍ പുതുക്കി ഇപ്പോൾ ഏഴു ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്.
കല്പണി ചെയ്തു ഉപജീവനം നടത്തുന്ന ജോസിന് സ്വന്തമായി എട്ടു സെന്റ് സ്ഥലവും വീടുമാണുള്ളത്. ഈ വസ്തുവാണ് ബാങ്കിൽ വായ്പക്ക് ഈട് നല്‍കിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ബാങ്കിൽ നിന്നും വായ്പ തിരിച്ചടക്കുവാൻ സമ്മർദമുണ്ടായതും ജപ്തി നോട്ടീസ് വന്നതും. സംസ്കാരം ഇന്നു നടക്കും. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ: ഫിലോമിന. മക്കൾ: ജോഫീന, ഫിൽജോ.കരുവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്ത് തിരിച്ചടക്കാതെ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത രണ്ടാമത്തെ വ്യക്തിയാണ് ജോസ്. മുൻ പൊറത്തിശേരി പഞ്ചായത്തംഗം കരുവന്നൂർ തേലപ്പിള്ളി സ്വദേശി തളിയക്കാട്ടിൽ വീട്ടിൽ ടി.എം. മുകുന്ദൻ (63) നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.