തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അനുമതിയില്ലാതെ ദത്ത് നൽകിയെന്ന കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയാണ് അന്വേഷണം നടത്തുന്നത്.
സർക്കാരിന്റെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പരിശോധന. ശിശുക്ഷേമസമിതിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതി അധികൃതരോട് നിർദേശിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 20-ാം തീയതിയിലെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുഞ്ഞിനെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറിയത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് പരിശോധന. കുഞ്ഞിനെ അമ്മതൊട്ടിലിൽ വെയ്ക്കുകയായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ അനുപമയുടെ പിതാവ് ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.
അതേ സമയം സിസിടിവി ദൃശ്യങ്ങൾ കാണാനുള്ള സാധ്യത കുറവാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ഒരു വർഷം മുൻപത്തെ ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാനുള്ള സംവിധാനം നിലവിൽ പല ഓഫീസുകളിലും ഇല്ലെന്നുള്ള അഭിപ്രായങ്ങളും ഉയർന്ന് വരുന്നുണ്ട്.
അതേസമയം അനുപമയിൽ നിന്ന് വനിതാ ശിശുവികസന ഡയറക്ടർ ടി.വി. അനുപമ കഴിഞ്ഞ ദിവസം മൊഴി എടുത്തതിരുന്നു. കുഞ്ഞിനെ നഷ്ടമായ സംഭവത്തിൽ ശിശുക്ഷേമസമതിയോടും ചൈൽഡ് വെൽഫെയർ കമ്മറ്റിയോടും അനുപമ പരാതിപ്പെട്ടിരുന്നു. എന്നാൽ അവരുടെ ഭാഗത്തി നിന്നും നിസഹകരണ മനോഭാവമാണ് ഉണ്ടായത്.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും കണ്ട് പരാതി പറഞ്ഞിരുന്നു. സിപിഎം നേതാക്കളെ സമീപിച്ചപ്പോഴും തിക്താനുഭവമാണുണ്ടായത്. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയത് താനല്ല.
കുഞ്ഞിനെ കൊണ്ടുപോയ വാഹനത്തിലുണ്ടായിരുന്നത് അമ്മയാണ്. അച്ഛനും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയകാര്യം പോലീസ് പറഞ്ഞപ്പോഴാണ് അറിയാൻ കഴിഞ്ഞതെന്നുമാണ് അനുപമ പറഞ്ഞത്.
മുൻകൂർ ജാമ്യത്തിനെതിരേ പോലീസ് കോടതിയിൽ
തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നൽകിയെന്ന കേസിൽ അനുപമയുടെ മാതാപിതാക്കളുടെ മുൻകൂർ ജാമ്യത്തിനെതിരെ കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. പേരൂർക്കട പോലീസാണ് അനുപമയുടെ പിതാവ് ജയചന്ദ്രൻ, മാതാവ് സ്മിത എന്നിവരുടെ മുൻകൂർ ജാമ്യത്തിനെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇരുവർക്കും മുൻകൂർ ജാമ്യം നൽകിയാൽ സ്വാധീനമുപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് പേരൂർക്കട പോലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് കോടതി പരിഗണിക്കുന്നത്. അനുപമയുടെ മാതാപിതാക്കളെ കൂടാതെ സഹോദരി, സഹോദരിയുടെ ഭർത്താവ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.