കോട്ടയം: രണ്ടു പതിറ്റാണ്ടിന്റെ നിരന്തര സമർദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി ഒടുവിൽ ഗത്യന്തരമില്ലാതെ തിരുവിതാംകൂർ മഹാരാജാവ് മുല്ലപ്പെരിയാർ കരാറിൽ ഒപ്പിട്ടിട്ട് ഇന്നു 135 വർഷം.
1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കാനുള്ള പെരിയാർ പാട്ടക്കരാർ ഒപ്പുവയ്ക്കപ്പെട്ടത്.
തിരുവിതാംകൂറിനുവേണ്ടി ദിവാൻ വെന്പക്കം രാമ അയ്യങ്കാരും ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിക്കുവേണ്ടി സെന്റ് ജോർജ് ഫോർട്ടിലെ ഗവർണറുടെ ഉത്തരവിൻ പ്രകാരം തിരുവിതാംകൂർ റെസിഡന്റ് ജോണ് ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിൽ ഒപ്പുവച്ചത്.
തിരുവിതാംകൂർ സർക്കാരിന്റെ മരാമത്ത് സെക്രട്ടറിയായിരുന്ന കെ.കെ. കുരുവിളയും ഹെഡ് സർക്കാർ വക്കീൽ ജെ.എച്ച്. പ്രിൻസുമായിരുന്നു സാക്ഷികൾ.
പെരിയാർ പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാൽ, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു.
വിശാഖം തിരുനാൾ രാമവർമയായിരുന്നു അന്നത്തെ ഭരണാധികാരി. കരാറിലേർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല.
എന്നാൽ, ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ൽ ഉടന്പടിയിൽ ഒപ്പുവയ്പിച്ചു.
പൂർണമായും ഏകപക്ഷീയമായി ബ്രിട്ടീഷ് ഇന്ത്യയുടെ താത്പര്യസംരക്ഷണാർഥമാണ് 999 വർഷത്തേക്കുള്ള മുല്ലപ്പെരിയാർ കരാർ തയാറാക്കിയത്.
1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമം നിർവഹിക്കുകയും ഉടൻതന്നെ നിർമാണമാരംഭിക്കുകയുംചെയ്തു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപജ്ഞാതാവും സൃഷ്ടികർത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരൻ ജോണ് പെനി ക്വിക്കാണ് 1895ൽ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കിയത്.