കൊച്ചി: ചരിത്രപ്രാധാന്യമുണ്ടെന്നു പറയുന്ന വസ്തുക്കള്‍ കാണാനുള്ള കൗതുകം കൊണ്ടാണ് മോന്സൻ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്നു ഡിജിപി അനില്‍ കാന്ത് ഹൈക്കോടതിയില്‍ അറിയിച്ചു.
മോന്സന് പോലീസ് സംരക്ഷണം നല്‍കിയെന്ന ആരോപണം ശരിയല്ലെന്നും ഇയാൾക്കെതിരേ നടക്കുന്ന അന്വേഷണത്തിൽ ആശങ്ക വേണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മോന്സൻ ഡിജിപിക്ക് അപേക്ഷ നല്‍കിയിരുന്നു.
ഇതനുസരിച്ച് കലൂരിലെ വസതിക്കു മുന്നില്‍ പോയിന്റ് ബുക്ക് സ്ഥാപിച്ചു. ഒരു മേഖലയില്‍ പട്രോളിംഗ് നടത്തുമ്പോഴുള്ള സ്ഥിരം നടപടി മാത്രമാണിത്.
പ്രത്യേക നിരീക്ഷണമോ പോലീസ് സംരക്ഷണമോ നല്‍കിയിരുന്നില്ല. മോൻസനെതിരായ കേസുകളില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും അനില്‍ കാന്ത് അറിയിച്ചു.
മോന്‍സനെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാളുടെ മുന്‍ ഡ്രൈവര്‍ ഇ.വി.
അജിത്ത് നല്കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടായിരുന്ന മോന്‍സനെതിരായ കേസുകള്‍ പോലീസ് അന്വേഷിച്ചാല്‍ മതിയോയെന്നു വ്യക്തമാക്കാന്‍ ഡിജിപിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ബെഹ്റ ആവശ്യപ്പെട്ടതിനാലാണ് എഡിജിപി മനോജ് ഏബ്രഹാം ഒപ്പം പോയത്. സന്ദര്‍ശനത്തിനുശേഷം സംശയം തോന്നിയ എഡിജിപി ഇക്കാര്യം അന്വേഷിക്കാന്‍ ഇന്റലിജന്‍സിന് നിര്‍ദേശം നല്കി.
ആഡംബര കാറുകളും മറ്റു വസ്തുക്കളും മോന്സൻ കൈവശം വച്ചിരിക്കുന്നത് സംശയകരമാണെന്നും സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെ ഇഡി അന്വേഷിക്കേണ്ടതാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ഡിജിപി ഇക്കാര്യം അന്വേഷിക്കാന്‍ കത്തു നല്‍കിയിരുന്നു.
മോന്‍സന്റെ പരാതിയില്‍ അന്വേഷണച്ചുമതല ആലപ്പുഴ സി-ബ്രാഞ്ച് ഡിവൈഎസ്പിയില്‍നിന്ന് ചേര്‍ത്തല എസ്ഐയ്ക്ക് മാറ്റിയ ഐജി ലക്ഷ്മണന്റെ നടപടി എഡിജിപി റദ്ദാക്കിയിരുന്നു.
ഇതില്‍ ലക്ഷമണനോടു വിശദീകരണവും തേടി. ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.