സ്വന്തം ലേഖിക
കണ്ണൂര്‍ : ഡ്രൈവിംഗ് ലൈസന്‍സിനായി ലേണേഴ്സ് പാസായി കാത്തിരിക്കുന്നവര്‍ക്ക് ലൈസൻസ് കിട്ടാൻ ഇനിയും കടന്പകളേറെ.
ലേണേഴ്സ് പാസായവരുടെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അവസരം നാളെ അവസാനിക്കും. ഇതോടെ ഇവർ വീണ്ടും ടെസ്റ്റിനായി പണമടച്ച് കാത്തിരിക്കേണ്ട സ്ഥിതിയിലാണ്.
2020 ഫെബ്രുവരി മുതല്‍ ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മോട്ടോര്‍ വാഹന ഓഫീസുകളിലും ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.
ഒരു ദിവസം 120 സ്ലോട്ടുകളാണ് ടെസ്റ്റിനായി അനുവദിക്കുന്നത്. അതിനാല്‍ എല്ലാവര്ക്കും സമയം ലഭിക്കുന്നില്ല.
ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഇത് രണ്ടോ മൂന്നോ ദിവസമാക്കി ചുരുക്കുന്നതും അപേക്ഷകരെ വലയ്ക്കുന്നുണ്ട്.
ജില്ലയില്‍ ആയിരക്കണക്കിന് പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ഏകദേശ കണക്കനുസരിച്ച് കണ്ണൂര്‍ താലൂക്ക് പരിധിയില്‍ 8000, തളിപ്പറമ്പില്‍ 8500, തലശേരി 7500, ഇരിട്ടി 3000, പയ്യന്നൂര്‍ 2000 എന്നിങ്ങനെയാണ് കാത്തിരിക്കുന്ന അപേക്ഷകരുടെ കണക്ക്.
ഈ ജൂലൈയിൽ രണ്ടര മാസം പിന്നിടുമ്പോള്‍ പതിനാലായിരത്തോളം പേര്‍ക്ക് മാത്രമാണ് ഡ്രൈവിംഗ് ടെസ്റ്റിനായുള്ള തീയതി ലഭിച്ചത്.
ബാക്കിയുള്ളവര്‍ സ്ലോട്ടിനായി കാത്തിരിക്കുകയാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്ലോട്ട് കിട്ടാത്തവര്‍ പണം ചെലവാക്കി വീണ്ടും ലേണേഴ്സിന് ഓണ്‍ലൈനായി അപേക്ഷ പുതുക്കണം. എന്നാൽ ഇവർ പരീക്ഷ എഴുതേണ്ടതില്ല.
ബൈക്ക്, കാര്‍ എന്നിവക്ക് 1500 രൂപ മുതലാണ് ഫീസടയ്ക്കേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി ഫീസടച്ച് കാത്തിരിക്കുന്നവരാണ് ഇത്തരത്തില്‍ വീണ്ടും പണമടയ്ക്കേണ്ടത്.
ലേണേഴ്സ് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്നതിനുള്ള പരമാവധി ഇടവേള ആറു മാസമാണ്. ആദ്യ ലോക്ഡൗണിനു ശേഷം ഇതു നീട്ടി നല്‍കിയിരുന്നെങ്കിലും രണ്ടാം ലോക്ഡൗണിനു ശേഷം ഇതു സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നുമുണ്ടായില്ല.
കേന്ദ്രസര്‍ക്കാരാണ് ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. സമയം നീട്ടി നല്‍കുകയാണ് പ്രതിവിധി.
കൂടാതെ അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് അധിക ബാച്ചായി ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകള്‍ സംസ്ഥാന സംഘടനകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
മൊബൈല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്പെഷല്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തി അപേക്ഷകരുടെ ദുരിതം ഒഴിവാക്കികൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അപേക്ഷകരെ വെട്ടിലാക്കിയത് പുതിയ നിബന്ധനകൾ
ജൂലൈയില്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ ലൈസന്‍സ് നേടാന്‍ കാത്തിരിക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങൾ വെട്ടിലാക്കിയിരുന്നു.
ലോക്ഡൗണില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയ ആയിരകണക്കിനാളുകള്‍ വീണ്ടും സ്ലോട്ട് ബുക്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
നേരത്തേ ടെസ്റ്റ് നഷ്ടമായവര്‍ക്ക് മുന്‍ഗണന നല്‍കാതെ എല്ലാവരും പുതിയ സമയം തെരഞ്ഞെടുക്കണമെന്ന നിര്‍ദേശത്തില്‍ പഴയ അപേക്ഷകര്‍ക്ക് അവസരം നഷ്ടമാകുക വരെയുണ്ടായി.
പരിവാഹന്‍ പോര്‍ട്ടലില്‍ നേരിട്ടോ എംവിഡി പോര്‍ട്ടല്‍ വഴിയോ ആണ് സ്ലോട്ടുകള്‍ ബുക്ക് ചെയ്യണ്ടത്.
ആദ്യഘട്ടത്തില്‍ എല്ലാവരും കൂടി സ്ലോട്ട് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സൈറ്റ് കിട്ടാതാകുകയും പലര്‍ക്കും അവസരം നഷ്ടപ്പെടുകയും ചെയ്തു.
ബുക്ക് ചെയ്യുന്ന സമയത്ത് മൊബൈലില്‍ വരുന്ന ഒടിപി നമ്പര്‍ ടൈപ്പ് ചെയ്യാനെടുക്കുന്ന ആ ഒരു മിനുട്ട് സമയത്തില്‍ പോലും സ്ലോട്ട് നഷ്ടപ്പെടും.
മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി തീര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ടെസ്റ്റുകളും ആരംഭിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് ലഭ്യത കുറവും റേഞ്ച് പ്രശ്നങ്ങളും ഇന്റര്‍നെറ്റ് പരിജ്ഞാന കുറവുമെല്ലാം സ്ലോട്ട് ബുക്ക് ചെയ്യുമ്പോള്‍ ബാധിച്ചു.