ഗാന്ധിനഗർ: രോഗിക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ സ്വകാര്യ കന്പനിയുടെ ഏജന്റുമായി ഇടനിലനിന്ന് കൂടിയ വിലയ്ക്കു വിറ്റ സംഭവത്തിലെ യുവ ഡോക്ടർ സ്ഥിരം തട്ടിപ്പുകാരനെന്ന് അന്വേഷണ സമിതി.
ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ രോഗികളുടെ ബന്ധുക്കളെക്കൊണ്ട് കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് സ്വകാര്യ കന്പനിയുടെ ഏജന്റിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന യുവ ഡോക്ടർ അവധി ലഭിക്കാനും തട്ടിപ്പ് കാണിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സാന്പിൾ എടുത്ത് സ്വന്തം പേരെഴുതി കോവിഡ് ആണെന്നു കള്ളത്തരം കാട്ടി ഇയാൾ അവധിയെടുത്തിരുന്നു.
ആറുമാസം മുൻപായിരുന്നു ഈ സംഭവം. കൈ ഒടിഞ്ഞു വന്ന രോഗിയുടെ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ കന്പനി ഏജന്റുമായി കൂട്ടുനിന്ന് അമിത വിലയ്ക്കുനൽകിയെന്ന പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പുതിയ സംഭവങ്ങൾ പുറത്തുവന്നത്.
ആരോപണ വിധേയരായ രണ്ടു യുവ ഡോക്ടർമാരിൽ (പിജി വിദ്യാർഥികൾ) ഒരാൾ വർഷങ്ങളായി പലവിധത്തിലുള്ള തട്ടിപ്പുകൾ നടത്തിവരികയായിരുന്നു.
ആശുപത്രി അധികൃതർക്കും ബന്ധപ്പെട്ട വകുപ്പിലെ സീനിയർ ഡോക്ടർമാർക്കും ഇയാളുടെ തട്ടിപ്പുകളക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും താക്കീത് നൽകി നിർത്തുകയായിരുന്നു.
ഇയാൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് അന്വേഷണ സമിതിയിലെ മുഴുവൻ അംഗങ്ങളുടേയും അഭിപ്രായം. അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നും കൂടുതൽ ഡോക്ടർമാരുടെ മൊഴികൾ കൂടി ശേഖരിച്ച് വിശദമായ റിപ്പോർട്ട് നൽകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ പറഞ്ഞു.