മുംബൈ: മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന് ഖാന് ഇന്ന് ജയില്‍ മോചിതനാകും. ആര്യനെ സ്വീകരിക്കാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന് മന്നത്തില്‍ നിന്നും ആര്യന് കഴിയുന്ന ആര്‍തര്‍ റോഡ് ജയിലിലേക്ക് പുറപ്പെട്ടു.
വ്യാഴാഴ്ചയാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച ആര്യന് ജയില്‍മോചിതനാകുമെന്ന് കരുതിയിരുന്നുവെങ്കിലും ജാമ്യത്തിന്റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ആര്യന് ജയിലില്‍ തന്നെ തുടരുകയായിരുന്നു.
ഇന്ന് രാവിലെ തന്നെ അഭിഭാഷകന് ജാമ്യത്തിന്റെ പകര്‍പ്പ് ജയിലില്‍ എത്തിക്കുമെന്നാണ് സൂചന. അതേസമയം, ആര്യനു വേണ്ടി ജാമ്യം നിന്നത് ബോളിവുഡ് താരം ജൂഹി ചൗളയാണ്.
ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തിയിരുന്നു.
14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം.
ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാമെന്നും വ്യവസ്ഥയില്‍ പറയുന്നു.
ആര്യൻ ജയിൽമോചിതനാകുന്നതോടെ മന്നത്തിൽ പഴയ സന്തോഷം തിരികയെത്തുമെന്നാണ് ഷാരൂഖിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.
ആര്യന് അറസ്റ്റിലായതില്‍ ഗൗരി ഖാന് ഏറെ അസ്വസ്ഥയായിരുന്നു. കൂടാതെ ആര്യന് ഖാന് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് വരെ വസതിയായ മന്നത്തില്‍ മധുരപലഹാരങ്ങള്‍ പാചകം ചെയ്യേണ്ടെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു. ആര്യന്റെ ജയില്‍മോചനത്തിനായി അവര്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.