പേരൂർക്കട: കെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. വട്ടിയൂർക്കാവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് മാത്യുവിനെയാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
ഭൂമിയുടെ കരമടയ്ക്കാൻ വന്ന സ്ത്രീയിൽ നിന്നാണ് മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്. വ്യാപാര സ്ഥാപനത്തിൽ ജോലിക്കു നിൽക്കുന്ന ഈ സ്ത്രീയുടെ പേരിലുള്ള മൂന്നു സെന്റ് ഭൂമിക്ക് വർഷങ്ങളായി കരം ഒടുക്കിയിട്ടില്ലായിരുന്നു.
വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരി വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റിനെ കൈക്കൂലി നൽകാമെന്ന് അറിയിച്ചു.
കൈക്കൂലി പണവുമായി പല സ്ഥലങ്ങളിലെത്താൻ വില്ലേജ് അസിസ്റ്റന്റ് ആവശ്യപ്പെട്ടു. ഒടുവിൽ പേരൂർക്കടയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടുകയായിരുന്നു.