തൃശൂർ: തിരൂരിൽ മദ്യപിച്ചശേഷം അഭിഭാഷകൻ യുവാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ചയാൾ നേരിട്ടതു ക്രൂരമർദനമെന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരമാസകലം ചുറ്റികകൊണ്ട് അടിയേറ്റതിന്റെ ക്ഷതങ്ങൾ ഉണ്ടെന്നാണു റിപ്പോർട്ടിലുള്ളത്.
രണ്ടു വാരിയെല്ലുകളും കാലുകളിലെ എല്ലുകളും അടിച്ചു തകർത്ത നിലയിലാണ്. ആന്തരികാവയവങ്ങൾ തകർന്നിട്ടുണ്ടെങ്കിലും മരണകാരണമായതു തലയ്ക്കേറ്റ അടിയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം സംഭവദിവസം മൂന്നാമതൊരാൾ കൂടി മദ്യപിക്കാനുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കൊല്ലപ്പെട്ട കണ്ണനും പ്രതി സജീഷും തർക്കത്തിലേർപ്പെട്ടതോടെ മൂന്നാമൻ സ്ഥലം വിടുകയായിരുന്നു.
സജീഷിന്റെ പറന്പിലെ അടയ്ക്ക വില്പനയ്ക്കുവേണ്ടി മണികണ്ഠനെ ഏൽപ്പിച്ചിരുന്നു. ഇതിൽ കൃത്രിമം കാണിച്ചു പണം തട്ടിയെന്നു പറഞ്ഞായിരുന്നു തർക്കത്തിനു തുടക്കം. പിന്നീട് അതു ക്രൂരമാ യ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
മുളങ്കുന്നത്തുകാവ് തിരൂർ കിഴക്കുംമുറിയിൽ പണിക്കര വീട്ടിൽ കുട്ടപ്പന്റെ മകൻ മണികണ്ഠൻ എന്ന കണ്ണൻ (42) ആണ് കഴിഞ്ഞ ദിവ സം കൊല്ലപ്പെട്ടത്.
കൊലപാതകത്തിനുശേഷം പ്രതിയായ അഭിഭാഷകൻ സരസ്വതി നിലയത്തിൽ സജീഷ് ബാറിൽ പോയി മദ്യപിച്ചിരുന്നു. ബാറിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ ദിവസവും സജീഷിനു മദ്യം വാങ്ങിക്കൊണ്ടുവന്നിരുന്നതു കണ്ണനായിരുന്നു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗവും പോലീസും പരിശോധനകൾ നടത്തി.