കൊരട്ടി: ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം വിനിയോഗിച്ചു നിർമാണം പൂർത്തിയാക്കി 2020 മാർച്ചിൽ ഉദ്ഘാടനം ചെയ്ത പകൽ വീട് അടഞ്ഞുതന്നെ കിടക്കുകയാണ്.
ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ട കൊരട്ടി പഞ്ചായത്ത് വഴിച്ചാൽ 13-ാം വാർഡിലെ പകൽ വീടാണു ശാപമോക്ഷം കാത്തു കിടക്കുന്നത്.
പകൽവീട്ടിലേക്കുള്ള വഴിയും അങ്കണവും കാടുപിടിച്ച നിലയിലാണ്. നാളിതുവരെ കെട്ടിടം വൈദ്യുതീകരിക്കാനോ ദൈനംദിന ആവശ്യങ്ങൾക്കുളള ജലലഭ്യത ഉറപ്പു വരുത്താനോ അധികൃതർക്കായിട്ടില്ല. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടന്നെങ്കിലും കെട്ടിടം പ്രവർത്തനസജ്ജമാക്കാൻ കഴിയാത്തതു പഞ്ചായത്തിന്റെ വീഴ്ചയായിട്ടാണ് നാട്ടുകാർ പറയുന്നത്.
മാതാപിതാക്കളുടെ സ്മരണ നിലനിർത്താൻ വയോജനങ്ങളെ ചേർത്ത് പിടിച്ച്, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ബൈജു ചന്പന്നൂർ സൗജന്യമായി നൽകിയ മൂന്നു സെന്റ് ഭൂമിയിലാണ് ഇരുനിലകളിലായി 900 ചതുരശ്ര അടി വിസ്തീർണത്തിൽ പകൽവീട് യാഥാർത്ഥ്യമാക്കിയത്.
ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 11.5 ലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു. കെട്ടിടത്തിൽ മീറ്റിംഗ് ഹാൾ, ഡൈനിംഗ്, വിശ്രമമുറി, പാചകമുറി, ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി ലക്ഷങ്ങൾ മുടക്കി പണിതുയർത്തിയ ഈ കെട്ടിടത്തോടുള്ള പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
വാർധക്യത്തിലെ ഒറ്റപ്പെടലുകൾക്കും ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങൾക്കും അവധി നൽകി പകൽ സമയങ്ങളിൽ ഒത്തുകൂടി ശിഷ്ടകാലം ആനന്ദകരമാക്കാൻ കഴിയുമെന്ന വയോജനങ്ങളുടെ പ്രതീക്ഷയാണ് അധികൃതരുടെ നിസംഗതയിൽ അണഞ്ഞുപോകുന്നത്.
വിഷയത്തിൽ ജലലഭ്യത ഉറപ്പുവരുത്താനും കെട്ടിടത്തിൽ വൈദ്യുതിയെത്തിക്കാനും നടപടി സ്വീകരിച്ച് പകൽ വീട് കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെയും വയോജനങ്ങളുടെയും ആവശ്യം.