നെന്മാറ: മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്.
അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ നടീൽ പണികൾക്കായി എത്തിയത് ബംഗാളിലെ പശ്ചിമ കോൽക്കത്തയിൽ നിന്നുള്ള സലാം, സെയ്ത്, പിൻറു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്.
ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4000 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് കണിമംഗലം പാടത്തെ കൃഷിയിറക്കിയ മുരളീധരൻ എന്ന കർഷകൻ പറഞ്ഞു.
വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീൽ നടത്തുകയായിരുന്നു.
കിഴക്കൻ മഴ ശക്തമാകുന്പോഴേക്കും നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ.