കോഴിക്കോട്: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് മൗനം. നവംബര്‍ ഒമ്പതു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിക്കും മുന്നറിയിപ്പ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കു പോലും ഇതുവരേയും വിളിച്ചിട്ടില്ല.
സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സ്വകാര്യബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗെനൈസേഷന് സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന് പറഞ്ഞു.
മിനിമം ചാര്‍ജ് 12 രൂപയാക്കുകയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഓരോരൂപ നിരക്ക് ഈടാക്കിയുള്ള ചാര്‍ജ് നിശ്ചയിക്കണമെന്നുമാണ് ബസ് ഓപ്പറേറ്റേഷന് അസോസിയേഷന് ആവശ്യപ്പെടുന്നത്.ഇതിന് പുറമേ റോഡ് ടാക്സുള്‍പ്പെടെയുള്ള നികുതികള്‍ ഡിസംബര്‍ വരെ ഒഴിവാക്കണമെന്നുമാണ് പ്രധാന ആവശ്യം.
2018 ല്‍ ഡീസല്‍ വില 66 രൂപയുള്ളപ്പോഴാണ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയത്. എന്നാല്‍ ഡീസല്‍ വില ഇന്ന് 102.98 ആയി ഉയര്‍ന്നു. അഞ്ചു രൂപയായി ഇന്ധനവില വര്‍ധിക്കുമ്പോള്‍ ബസ് ചാര്‍ജ് കൂട്ടുകയാണ് പതിവ്. ഡീസല്‍ വിലയില്‍ 36 രൂപയുടെ വര്‍ധനവുണ്ടായിട്ടും ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല.
പഴയ നിരക്കില്‍ യാത്ര തുടര്‍ന്നാല്‍ ഭീമമായ നഷ്ടമാണുണ്ടാവുന്നതെന്നും ബസുടമകള്‍ അറിയിച്ചു. കോവിഡ് ഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വിരളമാണ്. ഇതിനിടെ തുച്ഛമായ നിരക്കുമായി സര്‍വീസ് നടത്താന്‍ സാധിക്കില്ല. വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കണം.
കോഴിക്കോട് ജില്ലയില്‍ മാത്രം 1100 ബസുകള്‍ക്കാണ് പെര്‍മിറ്റുള്ളത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 600 ബസുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്. സിഎന്‍ജി (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) യിലേക്ക് മാറിയാലും നഷ്ടം സഹിക്കേണ്ടതായി വരുമെന്നാണ് ബസുടമകള്‍ പറയുന്നത്.
നിലവില്‍ ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റണമെങ്കില്‍ നാല് ലക്ഷം രൂപയോളം ചെലവ് വരും. പുതിയ സിഎന്‍ജി ബസ് വാങ്ങുകയാണെങ്കില്‍ ഡീസല്‍ ബസുകളേക്കാള്‍ 10 ലക്ഷം രൂപയോളം അധികം ചെലവ് വരും. കൂടാതെ സിഎന്‍ജിയുടെ വിലയും വര്‍ധിച്ചുവരികയാണ്.
അതിനാല്‍ ഡീസല്‍ മാറ്റി സിഎന്ജിയാക്കിയാലും നഷ്ടം അനുഭവിക്കേണ്ടതായി വരുമെന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ബസുടമകള്‍ മുഖ്യമന്ത്രിയേയും ഗതാഗതമന്ത്രിയേയും വിവരങ്ങള്‍ ധരിപ്പിച്ചത്.
നവംബര്‍ ഒന്‍പതു മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്നലെ കോഴിക്കോട് ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സ്റ്റിയറിംഗ് കമ്മിറ്റി യോഗവും തീരുമാനിച്ചു.