ഗാന്ധിനഗർ: മെഡിക്കൽ കോളജിനു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ.
ഗാന്ധിനഗർ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ രാത്രി 9.30നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും ഇഎസ്ഐയിലേക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം നടന്നത്.
സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി ചൂട്ടശേരി വിഷണു (27) പോലീസിന്റെ പിടിയിലായി. പാലാ പൂവരണി സ്വദേശി കല്ലുവെട്ടുംകുഴി അഖിലാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്.
സംഭവത്തിനു പിന്നിൽ കാഞ്ഞിരപ്പള്ളി സ്വദേശി വൈശാഖ് എന്നയാളുടെ ക്വട്ടേഷനാണെന്നു പോലീസ് സംശയിക്കുന്നു.
അഖിലും വൈശാഖും പ്രണയം സംബന്ധിച്ചുള്ള വിഷയത്തിൽ മുന്പ് വാക്കു തർക്കമുണ്ടായിരുന്നു. ഇതാണ് ക്വട്ടേഷനിലേക്കു വഴിതിരിച്ചത്.
പാലായിൽനിന്നും ഓട്ടം വിളിച്ചുകൊണ്ടുവന്ന അഖിലിന്റെ ഓട്ടോറിക്ഷയാണ് മുടിയൂർക്കരയ്ക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിച്ചത്.
പാലാ പൂവരണിയിൽനിന്നും വിഷ്ണു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുവന്നതായിരുന്നു വെള്ളിമുങ്ങ ഓട്ടോറിക്ഷ.
മുടിയൂർക്കര എ ടൈപ് ക്വാർട്ടേഴ്സിനു സമീപം എത്തിയപ്പോഴാണ് അഖിലിനെ ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയത്.
വിഷ്ണു ആസിഡും മണ്ണെണ്ണയും കയ്യിൽ കരുതിയിരുന്നു. ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോൾ ആസിഡ് ഒഴിക്കുകയായിരുന്നു.
അപകടം തിരിച്ചറിഞ്ഞ അഖിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. മുന്പ് കാലിനേറ്റ പരിക്കു കാരണം വിഷ്ണുവിനു പിന്നാലെ ഓടാൻ കഴിഞ്ഞില്ല. ഇതിനു ശേഷമാണ് മണ്ണെണ്ണ ഒഴിച്ച് ഓട്ടോ റിക്ഷ കത്തിച്ചത്.
അഖിൽ ഓടി വഴിയിലുണ്ടായിരുന്ന തട്ടുകടയിലെത്തി കാര്യം ധരിപ്പിക്കുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെന്നു സംശയിക്കുന്ന വിഷ്ണുവിനെ സംഭവ സ്ഥലത്തു നിന്നും പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ക്വട്ടേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരം ഇനി പുറത്തുവരാനുണ്ട്.