കൊച്ചി: മോന്സണ് മാവുങ്കിലിന് എതിരായ സാമ്പത്തിക തട്ടിപ്പുകേസില്‍ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറും. ഇഡി ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടാകുമെന്നാണ് ഇഡി സംശയിക്കുന്നത്. കോടികളുടെ തട്ടിപ്പു നടത്തിയ മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയാണ്.
അതിനാല്‍ തന്നെ ഇയാള്‍ ബിനാമികള്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കാമെന്ന സംശയം ബലപ്പെടുകയാണ്.
ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു.
അതേസമയം മോന്‍സനെതിരായ രണ്ടാമത്തെ പീഡനകേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ യുവതികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.
കോടതിക്ക് അതൃപ്തി
അതേസമയം പുരാവസ്തുക്കളുടെ പേരില്‍ മോന്സന് മാവുങ്കല്‍ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഡിജിപി നല്കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച സിംഗിള്‍ബെഞ്ച്, ഡിജിപി നല്കിയ സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.
മോന്‍സനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ പോലീസ് തന്നെ പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാളുടെ മുന്‍ ഡ്രൈവര്‍ ഇ.വി. അജിത്ത് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ വിമര്‍ശനം.
ആരുപറഞ്ഞതു കേട്ടാണ് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സന്റെ വീട്ടില്‍ പോയതെന്നു കോടതി ചോദിച്ചു.
എല്ലാവരെയും കബളിപ്പിച്ചു
ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയുമൊക്കെയാണെന്നു പറഞ്ഞു പുരാവസ്തുക്കള്‍ കാണിക്കുമ്പോള്‍ ഇവയ്ക്കൊക്കെ നിയമപ്രകാരമുള്ള രജിസ്ട്രേഷനുണ്ടോയെന്നു പരിശോധിക്കേണ്ടതല്ലേ.
ആന്റിക്വിറ്റീസ് ആന്‍ഡ് ആര്‍ട് ട്രഷേഴ്സ് ആക്ട് പ്രകാരം നൂറു വര്‍ഷം പഴക്കമുള്ള വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണമെന്നില്ലേ.
മോന്‍സന്റെ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കുന്നത് എട്ടു മാസം കഴിഞ്ഞാണ്.
രഹസ്യാന്വേഷണം നടത്താന്‍ 2019 മേയ് 22നു നിര്‍ദേശിച്ച് ഒരാഴ്ച കഴിഞ്ഞ് മോന്സന് സംരക്ഷണം നല്‍കിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
പിന്നീട് ഇതു നിരീക്ഷണം മാത്രമാണെന്നും വിശദീകരിക്കുന്നു. ഇയാള്‍ എല്ലാവരെയും കബളിപ്പിച്ചു. എല്ലാവരുടെയും കണ്ണില്‍ പൊടിയിട്ട് അയാള്‍ വിലസി. ഇപ്പോള്‍ മോന്‍സനെതിരേ പോക്സോ കേസുകള്‍ വരെയുണ്ട്.
ഇയാള്‍ക്കെതിരേയുള്ള സംശയങ്ങളില്‍ സമയബന്ധിതമായി നടപടിയെടുത്തിരുന്നെങ്കില്‍ തട്ടിപ്പു തടയാമായിരുന്നുവെന്നും കോടതി പറഞ്ഞു.
മോന്സന് പ്രവാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും സത്യവാങ്മൂലത്തില്‍ ഇതേക്കുറിച്ച് പറയുന്നില്ല.
കേരളത്തിനു പുറത്തുള്ളവര്‍ക്ക് കേസില്‍ പങ്കുണ്ടോയെന്ന് അറിയിക്കാനും കത്തുകള്‍ ഹാജരാക്കാനും ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.