ചേര്‍ത്തല: ചേര്‍ത്തലയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം തുടര്‍കഥയാകുന്നു.
കഴിഞ്ഞദിവസം ആരോഗ്യപ്രവര്‍ത്തകയെ സ്കൂട്ടര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനുപിന്നാലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കുനേരെയും അക്രമം ഉണ്ടായി.
പട്ടണക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നഗരസഭ 25-ാം വാര്‍ഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യ അജിതകുമാരിക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം ദേശീയ പാതയില്‍ ചേര്‍ത്തല റെയില്വേസ്റ്റേഷനുസമീപമായിരുന്നു സംഭവം. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോരുകയായിരുന്നു ഇവര്‍.
മാല പൊട്ടിക്കാൻ ശ്രമം
ദേശീയപാതയിലൂടെ വരുമ്പോള്‍ അജിതകുമാരിയെ പിന്തുടര്ന്ന് ഒരു ബൈക്കും ഉണ്ടായിരുന്നു.
ചേര്‍ത്തല റെയില്‍വേസ്റ്റേഷനു സമീപം എത്തിയപ്പോള്‍ സമീപമുള്ള പച്ചക്കറികടയില്‍ നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നിയന്ത്രണം കൈവിടാതെ അക്രമിയുടെ നീക്കത്തെ ചെറുത്തതോടെ മാല സംരക്ഷിക്കാനായി.
എന്നാല്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റെയില്വേസ്റ്റേഷനുപരിസരമുള്ള ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമകാരികള്‍ രക്ഷപ്പെട്ടിരുന്നു.
വീഴ്ചയില്‍ കാലിനു പരിക്കേറ്റതിനാല്‍ അജിതകുമാരി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ചേര്‍ത്തല പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ആദ്യ സംഭവമല്ല
കഴിഞ്ഞ 24ന് വൈകുന്നേരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ്ഭവനിൽ വിനയ് ബാബുവിന്റെ ഭാര്യ എസ്. ശാന്തിക്കുനേരെയും അക്രമ ശ്രമം നടന്നിരുന്നു.
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുമ്പോള്‍ ചേർത്തല നെടുമ്പ്രക്കാട് ഗവ. യുപി സ്കൂളിനു സമീപമായിരുന്നു സംഭവം.
ശാന്തിയുടെ വാഹനത്തിനു പിന്നാലെവന്ന സ്കൂട്ടറുകാരന് ശാന്തിയുടെ വാഹനത്തില്‍ മനഃപൂര്‍വം വന്നിടിക്കുകയായിരുന്നു.
താഴെ വീണ ശാന്തിയുടെ മുഖത്തെ എല്ല് പൊട്ടിയത് ഉൾപ്പെടെ പരുക്കേറ്റിരുന്നു.
ഈ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് വനിതാ പോലീസ് ഓഫീസര്ക്കുനേരെയുള്ള അക്രമം ഉണ്ടാകുന്നത്.
ചേര്‍ത്തലയില്‍ വിവിധയിടങ്ങളിലുണ്ടായ തുടര്‍ച്ചയായ മോഷണപരമ്പരകളുടെയും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമസംഭവങ്ങളുടെയും പിന്നിലുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ചേര്‍ത്തല പോലീസ്.
ഇതുസംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരുന്നു.