എടക്കര: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കൻ ശ്രമിച്ചയാൾ എടക്കര പോലീസിന്റെ പിടിയിലായി.
മൂത്തേടം മരത്തിൽ കടവ് കുറ്റന്പശേരി ഷണ്മുഖദാസിനെയാണ് (38) എടക്കര പോലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത്ലാൽ അറസ്റ്റ് ചെയ്തത്.
മൂത്തേടം മരത്തിൻകടവിലെ നാൽപ്പതുകാരിയെയാണ് ഇയാൾ കഴിഞ്ഞ ദിവസം അപമാനിക്കാൻ ശ്രമിച്ചത്.
യുവതി ജോലി കഴിഞ്ഞു മടങ്ങവേ പിന്നിലൂടെയെത്തിയ പ്രതി കടന്നു പിടിക്കുകയായിരുന്നു. തുടർന്നു സമീപത്തെ കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴക്കവെ യുവതി കുതറിമാറി.
യുവതിയുടെ ശബ്ദം കേട്ടു സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ഇതിനിടെ പ്രതി ഓടി മറയുകയായിരുന്നു. കമുകിൻ തോട്ടത്തിനു സമീപം ആൾ താമസമില്ലാത്ത സ്ഥലത്ത് വച്ചാണ് പീഡനശ്രമം.
ഇയാൾ ക്രിമിനൽ സ്വഭാവമുള്ള ആളാണെന്നും ഇതിനു മുന്പും ഇത്തരം സംഭവങ്ങൾ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തടഞ്ഞുവയ്ക്കൽ, കടന്നാക്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തത്. നിലന്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.