വാഷിംഗ്ടൺ ഡിസി: കോവിഡ് വൈറസിന്റെ ഉദ്ഭവം ഒരിക്കലും കണ്ടെത്താനായേക്കില്ലെന്നു യുഎസ് ഇന്റലിജൻസ് ഏജൻസികൾ.
അതോടൊപ്പം, ജൈവായുധമായി വികസിപ്പിക്കപ്പെട്ടതല്ല ഈ വൈറസെന്നും ഇവർ അനുമാനിക്കുന്നു.
വൈറസ് ഉദ്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു പറയുന്നത്.
ജന്തുക്കളിൽനിന്നും പരീക്ഷണശാലയിൽനിന്നു മനുഷ്യരിലേക്കു പകരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് യുഎസിലെ ഇന്റലിജൻസ് ഏജൻസികൾ പലതട്ടിലാണ്.
ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാകാം മനുഷ്യനിലേക്ക് ആദ്യമായി രോഗമെത്തിയതെന്ന് ഒരു ഏജൻസി ഭാഗിക ഉറപ്പോടെ അഭിപ്രായപ്പെടുന്നു.
ജന്തുക്കളിൽനിനിന്ന് മനുഷ്യരിലേക്കു പകരാൻ വിരളമായ സാധ്യതയുണ്ടെന്ന് നാല് ഏജൻസികൾ ചൂണ്ടിക്കാട്ടി.
വുഹാൻ നഗരത്തിൽ രോഗം പടരുന്നതിനുമുന്പ് ചൈനീസ് അധികൃതർക്ക് വൈറസിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വൈറസിന്റെ ഉദ്ഭവം കണ്ടെത്താനുള്ള ആഗോള അന്വേഷണങ്ങളെ ചൈന തടസപ്പെടുത്തുന്നുണ്ടെന്നും കൂട്ടിച്ചേർക്കുന്നു.