ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ഒരുവർഷത്തിനുശേഷം ജയിൽമോചിതനായി.
കർണാടക ഹൈക്കോടതി വ്യാഴാഴ്ചയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയായി ഇന്നലെ വൈകുന്നേരമാണ് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽനിന്ന് ബിനീഷ് പുറത്തെത്തിയത്.
സഹോദരൻ ബിനോയിയും സുഹൃത്തുക്കളും ജയിലിനു പുറത്ത് കാത്തുനിന്നിരുന്നു.
സത്യം ജയിക്കുമെന്നായിരുന്നു ബിനീഷിന്റെ ആദ്യപ്രതികരണം. കേസുമായി ബന്ധമുള്ള കാര്യങ്ങളല്ല അന്വേഷണസംഘം ചോദിച്ചിരുന്നത്.
പലരുടെയും പേരുകൾ പറയിക്കാൻ അവർ ശ്രമിച്ചു. ഇഡി പറഞ്ഞതു കേട്ടിരുന്നുവെങ്കിൽ പത്തുദിവസത്തിനകം ജയിലിൽനിന്ന് പുറത്തിറങ്ങാമായിരുന്നുവെന്നും കേരളത്തിൽ എത്തിയശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ബിനീഷ് പറഞ്ഞു.
ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതു മൂലം നടപടികൾ പൂർത്തിയാക്കാൻ വെള്ളിയാഴ്ച ബിനീഷിന് കഴിഞ്ഞിരുന്നില്ല.
അഞ്ചു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം അടക്കമായിരുന്നു ഉപാധികൾ. കർശന കോടതി നിബന്ധനകൾ മൂലം ജാമ്യക്കാർ പിന്മാറി.
പുതിയ ജാമ്യക്കാരെ കണ്ടെത്തി ഹാജരാക്കിയപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. ഇതോടെയാണ് മോചനം ഒരുദിവസം വൈകിയത്.