പ്രത്യേക ലേഖകൻ
വത്തിക്കാൻ സിറ്റി: ശുദ്ധമായ വെള്ളിയിൽ പ്രത്യേകമായി നിർമിച്ച ആറു മെഴുകു തിരികൾ തെളിക്കാവുന്ന മനോഹര വിളക്കാണ് ഇന്ത്യയുടെ സ്നേഹോപകാരമായി ഫ്രാൻസിസ് മാർപാപ്പയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സമ്മാനിച്ചത്.
ഇന്ത്യയിലെ ശില്പികളുടെ ചാതുര്യം വെളിവാക്കുന്ന സമ്മാനം മാർപാപ്പയ്ക്കു വേണ്ടി ഇന്ത്യയിൽ പ്രത്യേകം തയാറാക്കി കൊണ്ടുവന്നതാണെന്ന് ഇതു സമ്മാനിക്കുന്പോൾ മോദി പാപ്പയോടു പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ പതിവായ ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പയ്ക്കായി “കൈമറ്റ് ക്ലൈംബ്’ എന്ന പുസ്തകവും മോദി സമ്മാനിച്ചു.
മരുഭൂമിയും ഒരിക്കൽ പൂന്തോട്ടമാകും എന്നർഥമുള്ള ബൈബിളിലെ ഏശയ്യാ പ്രവാചകന്റെ 32:15 വാക്യം ആലേഖനം ചെയ്ത വെങ്കല ഫലകമാണ് മോദിക്ക് മാർപാപ്പ സമ്മാനമായി നൽകിയത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ഇറ്റലിയിലെ അംബാസഡർ നീന മൽഹോത്ര തുടങ്ങിയവർ ഉൾപ്പെടെ ഇന്ത്യൻ സംഘാംഗങ്ങൾക്ക് മാർപാപ്പയുടെ ഔദ്യോഗിക ചിഹ്നം പതിച്ച പതക്കം അടങ്ങിയ സമ്മാനവും ഫ്രാൻസിസ് പാപ്പ ഓരോരുത്തർക്കും നേരിട്ടു നൽകി.